പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ. ഖത്തറിനെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ പദ്ധതിയിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും സീനിയർ എക്സിക്യൂട്ടീവുകൾക്കും പത്ത് വർഷത്തെ റെസിഡൻസി പദവി ലഭിക്കും.

ദോഹ: രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും ആഗോളതലത്തിലുള്ള പ്രമുഖ സംരംഭകരെയും നിക്ഷേപകരേയും ഖത്തറിലേക്ക് ആകർഷിക്കുന്നതിനുമായി പുതിയ പത്ത് വർഷത്തെ റെസിഡൻസി പദ്ധതിക്ക് ഖത്തർ തുടക്കം കുറിച്ചു. ഫെബ്രുവരി ഒന്നിന് ദോഹയിൽ നടന്ന 'വെബ് സമ്മിറ്റ് ഖത്തർ 2026' ന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഖത്തറിനെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ പദ്ധതിയിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും സീനിയർ എക്സിക്യൂട്ടീവുകൾക്കും പത്ത് വർഷത്തെ റെസിഡൻസി പദവി ലഭിക്കും. വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ തന്നെ ഖത്തറിൽ ദീർഘകാലം താമസിക്കാനും ബിസിനസ് ചെയ്യാനും അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.

പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് പുതിയ റെസിഡൻസി പദ്ധതി വിഭജിച്ചിരിക്കുന്നത്. സംരംഭകർക്കുള്ള റെസിഡൻസിയും സീനിയർ എക്സിക്യൂട്ടീവുകൾക്കുള്ള റെസിഡൻസിയും. സംരംഭകരുടെ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ഖത്തർ ഫിൻടെക് ഹബ്, ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക്, ക്യുബിക് തുടങ്ങിയ അംഗീകൃത ബിസിനസ് ഇൻകുബേറ്ററുകളിൽ നിന്നുള്ള എൻഡോഴ്സ്‌മെന്റ് അഥവാ സാക്ഷ്യപത്രം കരസ്ഥമാക്കണം. കുറഞ്ഞത് 2,50,000 ഖത്തർ റിയാൽ നിക്ഷേപവും കൃത്യമായ ബിസിനസ് പ്ലാനും ഇതിനായി ആവശ്യമാണ്. നവീന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകളെയും വ്യവസായ സംരംഭങ്ങളെയും ഖത്തറിൽ വേരുറപ്പിക്കാൻ സഹായിക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. ഖത്തറിന് അകത്തുള്ളവർക്കും പുറത്തുള്ളവർക്കും ഇതിനായി അപേക്ഷിക്കാം.

നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്ന ചെയർമാൻമാർ, സി.ഇ.ഒമാർ, ഡയറക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കുള്ളതാണ് എക്സിക്യൂട്ടീവ് വിഭാഗം. ഇവർക്ക് ഖത്തർ ഐഡി നിർബന്ധമാണ്. എക്സിക്യൂട്ടീവ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് സീനിയർ എക്സിക്യൂട്ടീവ് മാനേജ്‌മെന്റ് തസ്തികയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉയർന്ന ശമ്പളവും ഉണ്ടായിരിക്കണം. സി.ഇ.ഒ, സി.എഫ്.ഒ തുടങ്ങിയ സി-സ്യൂട്ട് തസ്തികയിലുള്ളവർക്ക് പ്രതിമാസ ശമ്പളം കുറഞ്ഞത് 50,000 റിയാലും, മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലുള്ളവർക്ക് പ്രതിമാസ ശമ്പളം കുറഞ്ഞത് 80,000 റിയാലും നിർബന്ധമാണ്. ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ ബാങ്കുകളിലോ ജോലി ചെയ്യുന്നവർക്കാണ് ഈ വിഭാഗത്തിൽ മുൻഗണന ലഭിക്കുക. പിന്നീട് ജോലി മാറിയാലും ഇവരുടെ ദീർഘകാല റെസിഡൻസി പദവിക്ക് മാറ്റം സംഭവിക്കില്ല.

ഈ പത്ത് വർഷത്തെ റെസിഡൻസി ലഭിക്കുന്നവർക്ക് സ്പോൺസർഷിപ്പ് ഇല്ലാതെ തന്നെ സ്വയം സ്പോൺസർ ചെയ്ത് ഖത്തറിൽ താമസിക്കാം. കൂടാതെ, കുടുംബത്തെ സ്പോൺസർ ചെയ്യാനും ബന്ധുക്കൾക്കായി വിസിറ്റ് വിസകൾ സംഘടിപ്പിക്കാനും ഇവർക്ക് അധികാരമുണ്ടാകും. ഖത്തറിലെ നിശ്ചിത മേഖലകളിൽ വസ്തുവകകൾ സ്വന്തമാക്കാനുള്ള അനുമതിയും ഈ പദ്ധതിയുടെ ഭാഗമാണ്.

ഖത്തറിന്റെ ഔദ്യോഗിക മാൻപവർ സൊല്യൂഷൻ കമ്പനിയായ ജുസൂറിന്റെ (Jusour) ഔദ്യോഗിക വെബ്സൈറ്റായ ജുസൂർ പ്ലാറ്റ്ഫോം വഴിയാണ് ഇതിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖലയെ സഹായിക്കുന്നതിനായി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി രണ്ട് ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.