10,001രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ചരിത്രകാരന്‍റെ ജന്മനാട്ടിൽ വെച്ച് മേയ് അവസാന വാരം സമർപ്പിക്കും.

റിയാദ്: കെഎംസിസി ദമ്മാം ടൗൺ കമ്മിറ്റി സൗദി കെ.എം.സി.സിയുടെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്ന എൻജി. സി. ഹാഷിമിന്‍റെ സ്‌മരണാർഥം ഏർപ്പെടുത്തിയ ‘ചരിത്രപാലകരത്നം’ പുരസ്‌കാരം ചരിത്രകാരനും ജീവകാരുണ്യ പ്രവർത്തകനുമായ നെല്ലിക്കുത്ത് അബ്ദുറഹ്മാൻ മുസ്‌ലിയാർക്ക്. 10,001രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ചരിത്രകാരന്‍റെ ജന്മനാട്ടിൽ വെച്ച് മേയ് അവസാന വാരം സമർപ്പിക്കും.

മുഹമ്മദ്‌ കുട്ടി കോഡൂർ, മാലിക് മഖ്ബൂൽ അലുങ്ങൽ, അഷ്‌റഫ്‌ ആളത്ത്, ഹമീദ് വടകര എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്‌കാരത്തിന് അബ്ദുറഹ്മാൻ മുസ്‌ലിയാരെ തെരഞ്ഞെടുത്തത് എന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. മുസ്ലിം ലീഗ് ചരിത്ര കഥകൾ, മുസ്ലിം ലീഗും കുരിക്കൾ കുടുംബവും, എം.എസ്.എഫ് പിന്നിട്ട പാതകൾ, മുസ്ലിം യൂത്ത് ലീഗ് ചരിത്രപഥങ്ങളിൽ, മുസ്ലിം ലീഗ് ഉത്തരകേരളത്തിൽ, പൂക്കോട്ടൂർ സ്മൃതികൾ, ജനകോടികളുടെ പടനായകൻ, മുസ്ലിം ലീഗ് നേതാക്കളുടെ മൊഴിമുത്തുകൾ, അവുക്കാദർകുട്ടി നഹ, ഖാസി ഹസൈനാർ, ആലി മുസ്ലിയാരുടെയും വാരിയംകുന്നന്‍റെയും നാട് അത്തൻകുരിക്കളുടെയും എന്നിവയാണ് ഇദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങൾ. ഗവേഷകരും കോളജ് വിദ്യാർഥികളും നിരന്തരം അന്വേഷിച്ചെത്തുന്ന അറബിയിലും അറബി മലയാളത്തിലുമുള്ള അമൂല്യ കൈയ്യെഴുത്ത് പ്രതികൾ അടക്കം മാപ്പിളസാഹിത്യ കൃതികളുടെ വൻശേഖരം തന്നെ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ കൈവശമുണ്ട്.

കേന്ദ്ര ഗവൺമെന്‍റിനുള്ള കീഴിലുള്ള കേരള മുസ്രീസ് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിൽ തയാറാക്കുന്ന മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ട ശേഖരത്തിലേക്ക് 12,000ത്തിലധികം പേജ് ഡിജിറ്റൽ ചെയ്യാൻ ഇദ്ദേഹം കൈമാറിയിട്ടുണ്ട്. മലബാർ ഹിസ്റ്ററി കോൺഫ്രൻസ്, ഫാറൂഖ് കോളജ് എന്നിവിടങ്ങളിലടക്കം ധാരാളം വേദികളിൽ ചരിത്രശേഖരം പ്രദർശിപ്പിക്കുകയും സംസ്ഥാന സാംസ്കാരിക വകുപ്പിന്‍റെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. എഴുത്തും ചരിത്രശേഖരവും ജീവിതചര്യയാക്കിയ ഇദ്ദേഹം പ്രദേശത്തെ ജീവകാരുണ്യ രംഗത്തും നേതൃനിരയിലുണ്ട്. റംലയാണ് ഭാര്യ, എട്ട് മക്കളുണ്ട്. ചരിത്രത്തിന്‍റെ തെളിച്ചമുള്ള ചിന്തകൾകൊണ്ട്
പുതുതലമുറക്ക് മാർഗദർശം നൽകുന്ന ചരിത്രകാരനാണ് അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്ന് വാർത്താക്കുറിപ്പിൽ കെ.എം.സി.സി ദമ്മാം സിറ്റി കമ്മിറ്റി ഭാരവാഹികളായ അമീർ കോഡൂർ, ശിഹാബ് താനൂർ, ബക്കർ പൊൻമുണ്ടം എന്നിവർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.