ടൊറന്റോ: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ 36 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചറിഞ്ഞു. കാനഡയില്‍ നടന്ന കൊലപാതക കേസില്‍ മറ്റൊരാളെ തെറ്റായി ശിക്ഷിച്ചിരുന്നു. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയെന്ന് പൊലീസ് വ്യാഴാഴ്ചയാണ് അറിയിച്ചത്.

കാല്‍വിന്‍ ഹൂവര്‍ എന്നയാളാണ് കൊലപാതകം നടത്തിയതെന്നും ഇയാളെ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിയാന്‍ സാധിച്ചതെന്നും ടൊറന്റോ പൊലീസ് അറിയിച്ചു. എന്നാല്‍ ഹൂവര്‍ 2015ല്‍ മരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലപാതകം നടത്തുമ്പോള്‍ പ്രതിക്ക് 28 വയസ്സായിരുന്നു. കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തെ ഇയാള്‍ക്ക് മുന്‍ പരിചയമുണ്ടായിരുന്നെന്നും എന്നാല്‍ അന്ന് കേസില്‍ ഹൂവറെ സംശയിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

1984 ഒക്ടോബര്‍ മൂന്നിനാണ് ടൊറന്റോയുടെ വടക്ക് ഒന്റാരിയോയിലെ ക്വീന്‍സ് വില്ലെയില്‍ പെണ്‍കുട്ടിയെ അവസാനമായി കണ്ടത്. മൂന്നുമാസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒമ്പത് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ നിര്‍ണായകമായത് പെണ്‍കുട്ടിയുടെ അടിവസ്ത്രത്തില്‍ നിന്ന് ലഭിച്ച ഡിഎന്‍എ തെളിവുകളാണ്. 

എന്നാല്‍ കേസില്‍ ആദ്യം ശിക്ഷിക്കപ്പെട്ടത് പെണ്‍കുട്ടിയുടെ അയല്‍ക്കാരന്‍ ആയ ഗൈ പോള്‍ മോറിനായിരുന്നു. ഇയാളെ ജീവപര്യന്തം തടവിന് വിധിച്ചെങ്കിലും ഡിഎന്‍എ തെളിവുകള്‍ പരിശോധിച്ചപ്പോള്‍ പിന്നീട് 1995ല്‍ ശിക്ഷ റദ്ദാക്കി. ഇയാള്‍ക്ക് 10 ലക്ഷം ഡോളറിലധികം നഷ്ടപരിഹാരം നല്‍കി. 18 മാസക്കാലം ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. അതേസമയം 1984 മുതല്‍ 2015 വരെയുള്ള കാലയളവില്‍ യഥാര്‍ത്ഥ പ്രതിയായ ഹൂവറിന്റെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയാണെന്ന് ടൊറന്റോ പൊലീസ് മേധാവി ജെയിംസ് റാമര്‍ പറഞ്ഞു.