കാനഡയിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാൾ ഖത്തറില്‍ പിടിയില്‍. ഇയാൾക്കെതിരെ കൊലപാതകം, കൊക്കെയ്ൻ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി ഇന്‍റര്‍പോള്‍ അറിയിച്ചു.
ദോഹ: കാനഡയിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാൾ മൂന്ന് വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ ഖത്തറിൽ അറസ്റ്റിലായി. ഇന്‍റര്‍പോളാണ് ഇക്കാര്യം അറിയിച്ചത്. 38 വയസ്സുകാരനായ റാബിഹ് അൽഖലീലാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതകം, കൊക്കെയ്ൻ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി ഇന്‍റര്‍പോള്‍ അറിയിച്ചു.
അറസ്റ്റിനെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊലപാതക കേസിൽ വിചാരണ നടക്കുന്നതിനിടെ കാനഡയിലെ ജയിലിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നുവെന്ന് ഇന്‍റര്‍പോള്‍ വ്യക്തമാക്കി. അൽഖലീലിനെ കാനഡയിലേക്ക് തിരിച്ചയക്കുന്നത് വരെ ഖത്തറിൽ തടവിൽ വെക്കുമെന്ന് ഇന്‍റര്‍പോള്‍ സ്ഥിരീകരിച്ചു.
ഖത്തറിലെ ആഭ്യന്തര മന്ത്രാലയം, ദോഹയിലെയും ഓട്ടാവയിലെയും ഇന്‍റര്‍പോള്‍ നാഷണൽ സെൻട്രൽ ബ്യൂറോകൾ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ലെയ്‌സൺ ഓഫീസർമാർ, ബ്രിട്ടീഷ് കൊളംബിയയിലെ കംബൈൻഡ് ഫോഴ്‌സസ് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് യൂണിറ്റ്, RCMP ഫെഡറൽ പൊലീസിംഗ് പസഫിക് റീജിയൺ എന്നിവയുടെ സഹകരണത്തിലൂടെയാണ് അറസ്റ്റ് സാധ്യമായതെന്നും ഇന്‍റര്‍പോള്‍ വ്യക്തമാക്കി.


