റമദാന്‍ മാസത്തിന്റെ തുടക്കം ജനങ്ങളെ അറിയിക്കാന്‍ പീരങ്കിയില്‍ നിന്ന് രണ്ട് തവണ വെടിയൊച്ച മുഴങ്ങും. എല്ലാ ദിവസത്തേയും നോമ്പുതുറ സമയത്ത് ഓരോതവണയായിരിക്കും പീരങ്കിയില്‍ നിന്ന് ശബ്ദമുയരുക. 

ദുബായ്: റമദാന്റെ തുടക്കവും അവസാനവും അറിയിക്കാനും എല്ലാ ദിവസത്തേയും നോമ്പുതുറ സമയമറിയിക്കാനും ദുബായില്‍ പീരങ്കികള്‍ തയ്യാറാക്കി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച ഈ സമയമറിയിക്കല്‍ സംവിധാനം ഇപ്പോഴും ദുബായ് പൊലീസ് തുടര്‍ന്നുവരികയാണ്.

റമദാന്‍ മാസത്തിന്റെ തുടക്കം ജനങ്ങളെ അറിയിക്കാന്‍ പീരങ്കിയില്‍ നിന്ന് രണ്ട് തവണ വെടിയൊച്ച മുഴങ്ങും. എല്ലാ ദിവസത്തേയും നോമ്പുതുറ സമയത്ത് ഓരോതവണയായിരിക്കും പീരങ്കിയില്‍ നിന്ന് ശബ്ദമുയരുക. പീരങ്കികള്‍ സജ്ജമായിക്കഴിഞ്ഞുവെന്ന് ഓര്‍ഗനൈസേഷന്‍സ് സെക്യൂരിറ്റി ആന്റ് പ്രൊട്ടക്ടീവ് എമര്‍ജന്‍സി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ മേജര്‍ അബ്ദുല്ല താരിശ് അറിയിച്ചു.

ആറ് പീരങ്കികളാണ് ഈ ആവശ്യത്തിനായി ദുബായ് പൊലീസിനുള്ളത്. നാലെണ്ണം വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കും. ഇവയ്ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ ഉപയോഗിക്കാനാണ് രണ്ട് പീരങ്കികള്‍ സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് നിര്‍മ്മിതമായ ഇവ 170 ഡെസിബല്‍ ശബ്ദമുണ്ടാക്കും. ബുര്‍ജ് ഖലീഫ, അല്‍ മന്‍ഖൂലിലേയും അല്‍ ബറഹയിലേയും ഈദ് ഗാഹ് ഗ്രൗണ്ടുകള്‍, മദീനത്ത് ജുമൈറ എന്നിവിടങ്ങള്‍ക്ക് പുറമെ ദുബായ് സിറ്റി വാക്കിലും പീരങ്കികള്‍ സജ്ജീകരിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും ദുബായ് പൊലീസ് നിയോഗിച്ചിട്ടുണ്ട്.