ദുബായ്: നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് വെള്ളത്തില്‍ വീണ കാറില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ദുബായ് ക്രീക്കിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 11.53നാണ് അപകടം സംബന്ധിച്ച വിവരം കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ ലഭിച്ചതെന്ന് ദുബായ് പൊലീസ് മാരിടൈം റെസ്ക്യൂ ഡിവിഷന്‍ ഡയറക്ടര്‍ ലെഫ്. കേണല്‍ അലി അബ്‍ദുല്ല അല്‍ ഖസിബ് അല്‍ നഖ്‍ബി പറഞ്ഞു. ബനിയാസ് സ്ട്രീറ്റില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. ദുബായ് പൊലീസിലെ മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘം നാല് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി. ഇതിനോടകം തന്നെ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയും സമീപത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണിയുടെ സമീപത്തേക്ക് നീന്തി അതുവഴി മുകളിലേക്ക് കയറുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ ആംബുലന്‍സ് എത്തിച്ച് ഡ്രൈവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി. ഇയാള്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 37 അടി താഴ്ചയിലായിരുന്ന കാറിന്റെ സ്ഥാനം മുങ്ങല്‍വിദഗ്ധരാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് 130 മീറ്റര്‍ അകലെ തലകീഴായിട്ടായിരുന്നു കാര്‍ കിടന്നിരുന്നത്. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് വാഹനം കരയിലെത്തിക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെയും നിയമങ്ങള്‍ പാലിച്ചും സുരക്ഷ ഉറപ്പാക്കി വാഹനമോടിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.