റിയാദ്: കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വീഡിയോകള്‍ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് സൗദിയില്‍ കേസ്. തൃശൂര്‍ സ്വദേശിയായ ഒരു മലയാളി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഫേസ്‍ബുക്ക് തന്നെയാണ് ഇവര്‍ക്കെതിരെ സൗദി പ്രോസിക്യൂഷന് പരാതി നല്‍കിയത്.

തൃശൂര്‍ സ്വദേശിയും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്റര്‍നെറ്റ് കണക്ഷന്റെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് ഫേസ്‍ബുക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് കണക്ഷനെടുത്ത തൃശൂര്‍ സ്വദേശിയേയും ഈ കണക്ഷനില്‍ നിന്നുള്ള വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നവരെയും ചോദ്യം ചെയ്തതത്. 

ഇന്റര്‍നെറ്റ് കണക്ഷന്‍ വൈഫൈ വഴി ഷെയര്‍ ചെയ്തിരുന്ന മറ്റ് ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബംഗ്ലാദേശ് പൗരനായ മറ്റൊരാള്‍ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വന്തം പേരിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ വൈഫൈ നെറ്റ്‍വര്‍ക്ക് വഴി മറ്റുള്ളവര്‍ക്കും ഇയാള്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. ഇവരിലൊരാള്‍ കുറ്റകൃത്യത്തിലേര്‍പ്പെടുകയായിരുന്നു.