സഭയുടെ സ്വത്വബോധവും ഐക്യവും പ്രതിബദ്ധതയും വിശ്വാസവും കാത്തുപാലിക്കുവാൻ കാതോലിക്കാ ബാവ വിശ്വാസികളോട് തന്റെ പ്രസംഗത്തിലൂടെ  ആഹ്വാനം ചെയ്‍തു.

മസ്‍കറ്റ്: മസ്‌കറ്റിലെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ കാതോലിക്കാ ദിനം കൊണ്ടാടി. സഭാ ദിനാചരണ ആഘോഷത്തിന് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകി. സഭയുടെ സ്വത്വബോധവും ഐക്യവും പ്രതിബദ്ധതയും വിശ്വാസവും കാത്തുപാലിക്കുവാൻ കാതോലിക്കാ ബാവ വിശ്വാസികളോട് തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്‍തു.

സഭയുടെ സ്വാതന്ത്ര്യത്തിന്റെയും സ്വയം ശീർകത്വത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമായ കാതോലിക്കാ സിംഹാസനത്തിന്റെ ഉത്ഭവവും പ്രാധാന്യവും പ്രസക്തിയും ബാവ സമ്മേളനത്തിൽ വിശദീകരിച്ചു. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് മലങ്കര സഭയിലെ പള്ളികളുടെ ഭരണാവകാശം സംബന്ധിച്ച് സർക്കാർ ഇറക്കുന്ന ഓർഡിനൻസ് അങ്ങേയറ്റം പ്രതിഷേധാർഹവും നീതി നിഷേധവുമാണെന്ന് ഇടവക പ്രതിനിധികൾ പറഞ്ഞു. ചടങ്ങിൽ വിശ്വാസികൾ സഭാ ദിന പ്രതിജ്ഞയടുക്കുകയും ഭക്തിപ്രമേയം അവതരിപ്പിക്കുയും ചെയ്തു.

വലിയ നോമ്പിലെ മുപ്പത്തിയാറാം ദിവസത്തെ ഞാറാഴ്‍ചയാണ് കാതോലിക്കാ ദിനമായി എല്ലാവർഷവും ആഘോഷിച്ചു വരുന്നത്.
ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ്, അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, ഫാ. കെ. ജെ. തോമസ്, ബാവയുടെ സെക്രട്ടറി ഫാ. ബൈജു ജോൺസൺ, സഭാ മാനേജിംഗ് കമ്മറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ, ഇടവക ട്രസ്റ്റി ജാബ്‌സൺ വർഗീസ്, കോ-ട്രസ്റ്റി ബിനു കുഞ്ചാറ്റിൽ, സെക്രട്ടറി ബിജു പരുമല എന്നിവർ സന്നിഹിതരായിരുന്നു.