ദുബായ്: സിബിഎസ്ഇ 10, 12 ക്ലാസുകളില്‍ മാറ്റിവെച്ച പരീക്ഷകള്‍ ഇന്ത്യയ്ക്ക് പുറത്തുള്ള സ്കൂളുകളില്‍ ഇനി നടത്തേണ്ടതില്ലെന്ന് തീരുമാനം. മാര്‍ച്ച് 19 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ഇവ വിദേശ സ്കൂളുകളില്‍ ഇനി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി ബുധനാഴ്ച ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.

25 രാജ്യങ്ങളിലാണ് സിബിഎസ്ഇ സിലബസ് പ്രകാരം അധ്യയനം നടത്തുന്ന സ്കൂളുകളുള്ളത്. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങളെല്ലാം അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകളും മറ്റും ദീര്‍ഘകാലം അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓരോ രാജ്യങ്ങളിലും പ്രത്യേകം പരീക്ഷകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍. പരീക്ഷ നടത്തിയാലും ഉത്തരക്കടലാസുകള്‍ ഇന്ത്യയിലെത്തിക്കാനും സാധ്യമാവില്ല. പരീക്ഷാഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തന്നെ തീരുമാനമെടുത്ത് സ്കൂളുകളെ അറിയിക്കും.

ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റിവെച്ച പരീക്ഷകള്‍ക്ക് പകരം പുതിയ പരീക്ഷാ തീയ്യതികള്‍ പിന്നീട് അറിയിക്കും. അധികൃതരുമായി വിശദമായ കൂടിയാലോചനകള്‍ നടത്തിയും എന്‍ട്രന്‍സ് പരീക്ഷകളും മറ്റ് അഡ്മിഷന്‍ തീയ്യതികളുമൊക്കെ പരിഗണിച്ചുമായിരിക്കും പുതിയ തീയ്യതി തീരുമാനിക്കുക. പരീക്ഷകള്‍ തുടങ്ങുന്നതിന് 10 ദിവസം മുമ്പ് എല്ലാവരെയും വിവരമറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.