ദുബൈയിലെ അംബരചുംബികളായ കെട്ടിടത്തിലൊന്നിലെ ഇൻഫിനിറ്റി പൂളിൽ മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് ഇന്ത്യൻ യുവാവ്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ദുബൈ: ഹൃദയംതൊടുന്നൊരു സുന്ദരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഒരു ഇന്ത്യൻ യുവാവ് പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ദുബൈയിലെ ആകാശത്തോളം ഉയരത്തിലുള്ള 'ഇൻഫിനിറ്റി പൂളിൽ' തന്‍റെ മുത്തശ്ശിയെയും മുത്തശ്ശനെയും കൊണ്ടുപോയ അങ്കിത് റാണ എന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.
യൂട്യൂബറായ അങ്കിത് പങ്കുവെച്ച വീഡിയോയിൽ, ദുബൈയിലെ ഒരു കെട്ടിടത്തിന്‍റെ മുകളിലുള്ള സ്വിമ്മിംഗ് പൂളിൽ തന്‍റെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സമയം ചെലവഴിക്കുന്നത് കാണാം. ദുബൈയിലെ മനോഹരമായ ആകാശക്കാഴ്ചകൾ പൂളിൽ നിന്ന് ആസ്വദിക്കുന്ന അവർക്കരികിലെത്തി അങ്കിത് വിശേഷങ്ങൾ ചോദിക്കുന്നുമുണ്ട്.
കയ്യടിച്ച് സോഷ്യൽ മീഡിയ
തങ്ങൾ ഇത് ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും വലിയ സന്തോഷമുണ്ടെന്നുമാണ് പുഞ്ചിരിയോടെ മുത്തച്ഛനും മുത്തശ്ശിയും മറുപടി നൽകുന്നത്. വെറുമൊരു ആഡംബര യാത്ര എന്നതിലുപരി, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളുടെ പ്രാധാന്യമാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ വീഡിയോക്ക് താഴെ പോസിറ്റീവ് കമന്‍റുകള്‍ പങ്കുവെച്ചിട്ടുണ്ട്.
താങ്കളെയോർത്ത് അഭിമാനം തോന്നുന്നുണ്ടെന്നും എല്ലാ കുട്ടികളും താങ്കളെപ്പോലെ ആയിരുന്നെങ്കില്‍ നല്ലതായിരുന്നു എന്നൊക്കെയുള്ള കമന്‍റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. 'സൗന്ദര്യത്തേക്കാൾ സ്നേഹത്തിനാണ് ഇവിടെ മുൻഗണന,' 'മുത്തശ്ശിമാർക്കായി സമയം കണ്ടെത്തിയ അങ്കിത് മാതൃകയാണ്' എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ. പലരും തങ്ങളുടെ മുത്തശ്ശിമാരുമായുള്ള ഓർമ്മകൾ പങ്കുവെക്കാനും ഈ വീഡിയോ കാരണമായി.


