അല്‍ ഖോബാര്‍: കേരളത്തിലെ ഭിന്ന ശേഷിക്കാരായ കുട്ടികളെ സഹായിക്കാനായി സൗദിയിൽ സെലിബ്രിറ്റി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15 ന് അൽ ഖോബാറിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ ഐ എം വിജയൻ ഉൾപ്പെടയുള്ള താരങ്ങൾ പങ്കെടുക്കും.

വിജയന് പുറമേ മുൻ കേരള ക്യാപ്റ്റൻ ആസിഫ് സഹീര്‍, ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദ്, അനസ് എടത്തൊടിക,  മുഹമ്മദ്‌ റാഫി,  അബ്ദുൽ ഹക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ തുടങ്ങിയ താരങ്ങളും അൽഖോബാറിലെ റാഖ മെയിൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കളിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ ഷൈജു ദാമോദർ കമെന്റേറ്ററായിരിക്കും. വിജയികൾക്ക് നിഹാൻ നജീം മെമ്മോറിയൽ ട്രോഫി സമ്മാനിക്കും.

മത്സരത്തോടു അനുബന്ധിച്ചു കിഴക്കൻ പ്രവിശ്യയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രത്യേക കലാ പരിപാടികളും അരങ്ങേറും. ചടങ്ങിൽ മുഖ്യാതിഥിയായി പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട് സംബന്ധിക്കും. പ്രവേശനം സൗജന്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും മത്സരം കാണുവാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.