Asianet News MalayalamAsianet News Malayalam

10 സെക്കന്‍ഡില്‍ ചെക്ക്-ഇന്‍, ബോര്‍ഡിങിന് മൂന്ന് സെക്കന്‍ഡ്; അതിവേഗം, അത്യാധുനികം ഈ വിമാനത്താവളം

കാത്തിരുന്ന് മുഷിയാതെ അതിവേഗം ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ്.

check ins at 10 seconds and flight boarding in 3 seconds at Abu Dhabi International Airport
Author
First Published Nov 29, 2023, 7:19 PM IST

അബുദാബി: യാത്രക്കാര്‍ക്ക് അതിവേഗ ചെക്ക് ഇന്‍ സൗകര്യമൊരുക്കി അബുദാബി രാജ്യാന്തര വിമാനത്താവളം. പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ വഴിയാണ് യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നത്. ഇവിടെ 10 സെക്കന്‍ഡുകള്‍ക്കകം ചെക്ക്-ഇന്‍ ചെയ്യാം, ബോര്‍ഡിങിന് വെറും മൂന്ന് സെക്കന്‍ഡ് മതി.

കാത്തിരുന്ന് മുഷിയാതെ അതിവേഗം ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സജ്ജമാക്കിയ ടെര്‍മിനല്‍ എയിലൂടെ ആയാസ രഹിത യാത്രയാണ് യാത്രക്കാര്‍ക്ക് ഒരുക്കുന്നത്. ചെക്ക്-ഇന്‍ ചെയ്ത് സ്മാര്‍ട്ട് ഗേറ്റ് കടക്കുമ്പോള്‍ തന്നെ നിര്‍മ്മിത ബുദ്ധി ക്യാമറ സ്‌കാന്‍ ചെയ്ത് കഴിഞ്ഞിരിക്കും. വെറും 12 മിനിറ്റ് കൊണ്ട് യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഗേറ്റിലെത്താം. ടെര്‍മിനല്‍ എയില്‍ അഞ്ചിടങ്ങളില്‍ ബയോമെട്രിക് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. അധികം വൈകാതെ ഒമ്പത് സ്ഥലങ്ങളില്‍ കൂടി ബയോമെട്രിക് സ്ഥാപിക്കും. നവംബര്‍ ഒന്നിനാണ് ടെര്‍മിനല്‍ എ തുറന്നു പ്രവര്‍ത്തിച്ചത്. സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷന്‍ ഇ ഗേറ്റ് എന്നിങ്ങനെ നിരവധി നവീന സൗകര്യങ്ങളുമുണ്ട്.

ബയോമെട്രിക് കവാടത്തിലൂടെ യാത്രക്കാര്‍ പ്രവേശിക്കുമ്പോള്‍ വ്യക്തിഗത രേഖകള്‍ സ്വമേധയാ രേഖപ്പെടുത്തുന്നതിനാല്‍ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് അല്ലെങ്കില്‍ എന്‍ട്രി സീലിനായി കാത്തുനില്‍ക്കേണ്ടതില്ല. നിലവില്‍ സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍ ഇത്തിഹാദ് യാത്രക്കാര്‍ക്ക് മാത്രമാണുള്ളത്. അബുദാബിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ വിമാന യാത്രക്കാര്‍ക്കും വൈകാതെ ഈ സൗകര്യം ലഭ്യമാക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 

Read Also -  അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം ഇളവ്; പ്രവാസികള്‍ക്കടക്കം പ്രയോജനകരം, പ്രഖ്യാപിച്ച് എയര്‍ലൈന്‍

നൂറ് ശതമാനം ബയോ ഇന്ധനം ഉപയോ​ഗിച്ച് വിമാനം പറന്നു

ലണ്ടൻ: ലോകത്താദ്യമായി നൂറ് ശതമാനം സുസ്ഥിര വ്യോമയാന ഇന്ധനം (സാഫ്) ഉപയോഗിച്ചുള്ള ആദ്യ വിമാനം പറന്നു. നവംബർ 28ന് ഹീത്രൂവിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വിർജിൻ അറ്റ്ലാന്റിക് ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പുലർച്ചെ 12 മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ന്യൂയോർക്കിലേക്കാണ് വിമാനം പറന്നത്. വിർജിൻ അറ്റ്‌ലാന്റിക് സ്ഥാപകനായ സർ റിച്ചാർഡ് ബ്രാൻസണും ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പറും വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരില്ലാതെയായിരുന്നു ആദ്യയാത്ര. പുനരുൽപ്പാദിപ്പിക്കാവുന്ന ബയോമാസ്, മാലിന്യ സാധനങ്ങളിൽനിന്നുമാണ് സുസ്ഥിര വ്യോമയാന ഇന്ധനം നിർമ്മിക്കുന്നത്. 50 ശതമാനം സാഫ് ഇന്ധനം മണ്ണെണ്ണയിൽ കലർത്തി ആധുനിക വിമാനങ്ങളിൽ ഏവിയേഷൻ ഇന്ധനമായി ഉപയോ​ഗിക്കാം. 

നിങ്ങൾ ഒരുകാര്യം ചെയ്യുന്നതുവരെ നമുക്കതിന് സാധിക്കില്ലെന്ന് ലോകം ചിന്തിക്കുമെന്ന് വിർജിൻ അറ്റ്ലാന്റിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. വിർജിൻ അറ്റ്ലാന്റിക് നിലവിൽ ലോകത്തിലെ ആദ്യത്തെ 100% സുസ്ഥിര ഏവിയേഷൻ ഫ്യൂവൽ ഫ്ലൈറ്റ്  അറ്റ്ലാന്റിക്കിനു കുറുകെ പറക്കുന്നുവെന്ന് എയർലൈൻസ് എഴുതി. 2050-ഓടെ ലോകം നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ വിമാന യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന്  ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ അഭിപ്രാ‌യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

Latest Videos
Follow Us:
Download App:
  • android
  • ios