Asianet News MalayalamAsianet News Malayalam

പ്രവാസികളെ ഏത് ഘട്ടത്തില്‍ തിരികെ എത്തിച്ചാലും സംസ്ഥാനം സജ്ജം; ഒരുക്കങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

മാനത്താവളങ്ങളില്‍ വിപുലമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. തിക്കിത്തിരക്കി നടത്തുന്ന പരിശോധനയ്ക്ക് പകരം വിപുലമായ പരിശോധനയായിരിക്കും ഇത്. ഇതില്‍ രോഗബാധ സംശയിക്കപ്പെടുന്നവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി അവിടെ പാര്‍പ്പിക്കും.

chief minister pinarayi vijayan details the plan of state government to be implemented on repatriation of expatriates
Author
Thiruvananthapuram, First Published Apr 21, 2020, 7:35 PM IST

തിരുവനന്തപുരം: പ്രവാസികളെ ഏത് ഘട്ടത്തില്‍ തിരികെ കൊണ്ടുവന്നാലും സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മടങ്ങി വരുന്നവര്‍ അതത് രാജ്യങ്ങളില്‍ വെച്ചുതന്നെ ഒരു പരിശോധനയ്ക്ക് ആദ്യം വിധേയമാകണം. ഇതിന് ശേഷം പ്രത്യേക വിമാനങ്ങളില്‍ അവരെ കൊണ്ടുവരാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന പക്ഷം അവര്‍ക്കായി ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങളെക്കുറിച്ചു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. വിമാനത്താവളങ്ങളില്‍ വിപുലമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. തിക്കിത്തിരക്കി നടത്തുന്ന പരിശോധനയ്ക്ക് പകരം വിപുലമായ പരിശോധനയായിരിക്കും ഇത്. ഇതില്‍ രോഗബാധ സംശയിക്കപ്പെടുന്നവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി അവിടെ പാര്‍പ്പിക്കും.

രോഗ ലക്ഷണങ്ങളൊന്നുമില്ലാത്തവരെ വീടുകളിലേക്ക് അയക്കും. ഇതിനായി പ്രത്യേക പ്രീ പെയ്ഡ് വാഹനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. നേരത്തെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more: 5.5 ലക്ഷം പ്രവാസികൾ വന്നേക്കാം, തിരികെ വരുന്നവർ ചെയ്യേണ്ടതെന്ത്? മാർഗരേഖ ഇങ്ങനെ

കൊവിഡുമായി ബന്ധപ്പെട്ട് തിരികെ വരുന്നവരെ ക്വാറന്‍റൈൻ ചെയ്യാനും, നിരീക്ഷണത്തിൽ പാർപ്പിക്കാനും മാർഗരേഖ സംസ്ഥാനസർക്കാർ ഇന്ന് പുറത്തുവിട്ടിരുന്നു. ഏകദേശം അഞ്ചരലക്ഷത്തോളം പ്രവാസികൾ 30 ദിവസത്തിനകം തിരികെ വന്നേക്കാമെന്നാണ് സംസ്ഥാനസർക്കാരിന്‍റെ കണക്കുകൂട്ടൽ. വിദേശത്ത് വച്ച് കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്ന പക്ഷം നോ‍ർക്ക വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ നടത്തണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയവർ ആദ്യം, പിന്നീട്, വയോജനങ്ങൾ, വൃദ്ധർ, കുട്ടികൾ എന്നിങ്ങനെയാകും വിദേശത്ത് നിന്ന് മടക്കിക്കൊണ്ടുവരേണ്ടവരുടെ മുൻഗണനാക്രമം.

കൊവിഡ് റിസൽട്ട് നെഗറ്റീവാണെങ്കിൽക്കൂടി മടങ്ങിയെത്തുന്ന പ്രവാസികളിൽ 9600 മുതൽ 27600 വരെയുള്ളവർ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സർക്കാർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. ഇതിന് വേണ്ട സജ്ജീകരണങ്ങൾ തയ്യാറെന്നും സർക്കാർ. 

വിശദമായ മാർഗരേഖ ഇങ്ങനെയാണ്:

1. മടങ്ങി വരുന്ന പ്രവാസികൾ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ നോർക്ക വെബ്സൈറ്റായ www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ റജിസ്ട്രേഷൻ നടത്തണം. ഇത് കേരളത്തിൽ ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്താൻ വേണ്ടി മാത്രമാണ്. ഇത് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ ഒരു മുൻഗണനയും കിട്ടില്ല.

2. മടങ്ങിയെത്തുന്ന പ്രവാസികളെ താഴെപ്പറയുന്ന മുൻഗണനാക്രമത്തിൽ വേർതിരിക്കും.

a) വിസിറ്റിംഗ് വിസയിൽ കാലാവധി കഴിഞ്ഞ് വിദേശത്ത് കഴിയുന്നവർ
b) വയോജനങ്ങൾ
c) ഗർഭിണികൾ
d) കുട്ടികൾ
e) രോഗികൾ
f) വിസ കാലാവധി പൂർത്തിയാക്കിയവർ
g) കോഴ്സുകൾ പൂ‍ർത്തിയാക്കിയ സ്റ്റുഡന്‍ര് വിസക്കാർ
h) ജയിൽമോചിതരായവർ
i) മറ്റുള്ളവർ

3. മടങ്ങി വരുന്ന പ്രവാസികൾക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് എത്ര ദിവസത്തിനകം ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് നിശ്ചയിക്കും.

4. വിവിധ പ്രവാസി സംഘടനകളെ മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ ഉളള സഹായം നൽകേണ്ടതാണ്

5. എയ‍ർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പ്രധാനപ്പെട്ട വിമാനക്കമ്പനികൾ എന്നിവരുമായി ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തി എത്ര സർവീസുകൾ അനുവദിക്കും, എത്ര ബുക്കിംഗുകൾ അനുവദിക്കും, അമിത നിരക്ക് ഈടാക്കുന്നതിലെ നിയന്ത്രണം, മെഡിക്കൽ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ, ട്രാൻസിറ്റ് യാത്രക്കാരുടെ വിവരം എന്നിവ കൈമാറുന്നതിൽ ധാരണയിലെത്തണം.

6. മടങ്ങിയെത്തുന്ന പ്രവാസികളെ സ്ക്രീനിംഗ് നടത്താനുള്ള സജ്ജീകരണവും പ്രോട്ടോക്കോളും ആരോഗ്യവകുപ്പ് തീരുമാനിക്കും.

7. വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ ചീഫ് സെക്രട്ടറി, ഡിജിപി, എന്നിവർ ബന്ധപ്പെട്ട ജില്ലാ കളക്ടർമാരുമായും ജില്ലാ പൊലീസ് മേധാവിയുമായി ചർച്ച നടത്തണം.

8. രോഗലക്ഷണമില്ലാത്ത യാത്രക്കാരെ നേരിട്ട് വീടുകളിലേക്ക് അയക്കും. അവർ 14 ദിവസം ഹോം ക്വാറന്‍റൈനിൽ കഴിയണം. ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും വരരുത്. വീട്ടിലേക്ക് മടങ്ങുന്ന സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. യാത്രാവേളയിൽ എല്ലാവരും മാസ്ക് ധരിക്കണം.

9. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്‍റെ മേൽനോട്ടത്തിലാകും.

10. വിമാനത്താവളത്തിലെ സ്ക്രീനിംഗ് സമയത്ത് പനി, ചുമ, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ക്വാറന്‍റൈൻ സെന്‍ററുകളിലോ കൊവിഡ് ആശുപത്രികളിലോ ആരോഗ്യവകുപ്പ് അയക്കും. യാത്രക്കാരുടെ ലഗേജ് സഹിതം ഈ സെന്‍ററുകളിൽ സൂക്ഷിക്കണം. ഇതിനായുള്ള മാനേജ്മെന്‍റ് പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യണം.

11. തദ്ദേശവകുപ്പും, പൊതുമരാമത്ത് വകുപ്പുമായിരിക്കും ക്വാറന്‍റൈൻ സെന്‍റററുകൾ കണ്ടെത്തുകയും ക്രമീകരണങ്ങൾ നടത്തുന്നതും. 

12. ആവശ്യപ്പെടുന്ന യാത്രക്കാർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും ക്വാറന്‍റൈൻ ചെയ്യാനും സൗകര്യമൊരുക്കും.

13. യാത്രക്കാരെ സ്ക്രീൻ ചെയ്യുന്നത് സംബന്ധിച്ച് റെയിൽവേയുമായി ആരോഗ്യവരുപ്പ് ചർച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണം.

14. അന്തർസംസ്ഥാനയാത്ര അനുവദിക്കുമ്പോൾ കേരളത്തിലെ ഏതൊക്കെ ചെക്ക് പോസ്റ്റുകൾ വഴി യാത്രക്കാരെ കടത്തിവിടാമെന്നതിൽ ധാരണ വേണം.

15. കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാർക്ക് കൂടി പ്രോട്ടോക്കോൾ തയ്യാറാക്കാൻ കേന്ദ്രവും വിമാനക്കമ്പനികളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം.

Follow Us:
Download App:
  • android
  • ios