മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബൈയിലെത്തും. അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ദുബൈയിൽ അവസാനിക്കുകയാണ്.

ദുബൈ: ഗൾഫ് സന്ദർശനത്തിന്‍റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബൈയിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്കരിക്കുമെന്നും ദുബൈ കെഎംസിസി അറിയിച്ചു. മുൻകൂട്ടി തീരുമാനിച്ച സന്ദർശന പരിപാടി ബഹിഷ്കരിക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് സംഘാടക സമിതി പ്രതികരിച്ചു.

അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ദുബൈയിൽ അവസാനിക്കുകയാണ്. നേരത്തെ നവംബർ 1നായിരുന്നു നിശ്ചയിച്ചിരുന്നത്. അന്ന് അതിദാരിദ്ര്യമുക്ത കേരളത്തിന്‍റെ പ്രഖ്യാപനത്തിനായി മടങ്ങിയതിനാൽ മാറ്റി. ഞായർ രാവിലെ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബൈയിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളിൽ ഓർമ്മ കേരളോത്സവത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും.

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണ് സന്ദർശനമെന്ന് കാട്ടിയാണ് കെഎംസിസിയുടെ ബഹിഷ്കരണം. കെഎംസിസി ഉൾപ്പടെ സംഘടനകളുമായി നേരത്തേ കൂടിയാലോചന നടത്തിയതാണെന്നാണ് കെഎംസിസി ബഹിഷ്കരണത്തോട് ലോകകേരളസഭ- മലയാളം മിഷൻ ഭാരവാഹികളുടെ പ്രതികരണം. ഡിസംബർ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിലേയ്ക്ക് മടങ്ങുക.

YouTube video player