Asianet News Malayalam

പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി; വിമാനത്താവളങ്ങളിലെ സജ്ജീകരണങ്ങള്‍ ഇങ്ങനെ

ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച് കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയര്‍ഫോഴ്സ് അതോററ്റി ഓഫ് ഇന്ത്യയുടെയും പൊലീസിന്‍റെയും ആരോ​ഗ്യ വകുപ്പിന്‍റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികൾ ഈ കമ്മിറ്റിയിലുണ്ടാകും.

chief minister says the state is ready to accept the expatriates
Author
Thiruvananthapuram, First Published Apr 28, 2020, 5:55 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: പ്രവാസികള്‍ നാട്ടിലെത്തിക്കാൻ കോന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സമിതിയുടെ യോ​ഗം ഇന്ന് നടന്നുവെന്നും വിവധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേരെത്തുക. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുൻപ് തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച് കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയര്‍ഫോഴ്സ് അതോററ്റി ഓഫ് ഇന്ത്യയുടെയും പൊലീസിന്‍റെയും ആരോ​ഗ്യ വകുപ്പിന്‍റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികൾ ഈ കമ്മിറ്റിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളിൽ വിപുലമായ പരിശോധനക്ക് സൗകര്യം ഉണ്ടാകും. വൈദ്യപരിശോധന ലഭ്യമാക്കും. ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവമനക്കാരെയും നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാ സുഗമമായി നടത്താൻ സൗകര്യം ഒരുക്കുമെന്നും അതിന് ആവശ്യമായ കരുതലുകൾ എടുക്കാൻ പൊലീസിന് ചുമതല നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ വിമാനത്താവളത്തിന്റെയും പരിധിയിൽ വരുന്ന ജില്ലകൾ, അവിടെ ക്വാറന്റൈൻ ചെയ്യപ്പെടുന്നവർ, ഇവരെയെല്ലാം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. അതിന് മേൽനോട്ടം നൽകുന്നതിന് ഡിഐജിമാരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗ ലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യും. അവരെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് വീടുകളിൽ എത്തിക്കുന്നത് പൊലീസായിരിക്കും. നേരെ വീട്ടിലെത്തി എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് വൈദ്യ പരിശോധന ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ പഞ്ചായത്തിലും സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിൻ സൗകര്യം ഉണ്ടാകും. മൊബൈൽ മെഡിക്കൽ യൂണിറ്റും ഏർപ്പെടുത്തും. ആരോഗ്യപ്രവർത്തകർ കൃത്യമായ ഇടവേളകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ വീടുകളിൽ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രോഗ ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പ്രത്യേക വാഹനത്തില്‍ സര്‍ക്കാര്‍ തന്നെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും. അവരുടെ ലഗേജുകള്‍ വിമാനത്താവളത്തില്‍ നിന്ന് എടുത്ത് വീടുകളില്‍ എത്തിക്കുന്നതിനുള്ള ചുമതലയും സര്‍ക്കാര്‍ ഏറ്റെടുക്കും. ഓരോ വിമാനത്താവളത്തിലും വിവിധ വകുപ്പുകളുടെയും എയര്‍ഫോഴ്സ് അതോറിറ്റകളുടെയും പ്രതിനിധികളുള്ള കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാഹനങ്ങളുടെ ക്രമീകരണത്തിന്‍റെ ചുമതല ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവികള്‍ക്കും മോട്ടോര്‍ വാഹനവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്കും ആയിരിക്കും. പ്രവാസികളെ താമസിപ്പിക്കുന്നതിന് എയര്‍പോര്‍ട്ടുകള്‍ക്ക് സമീപം ആവശ്യമായ സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതുപോലെ തന്നെ ആശുപത്രികളും ഇപ്പോള്‍ തന്നെ സജ്ജമാണ്. സമുദ്ര മാര്‍ഗം പ്രവാസികളെ എത്തിക്കാന്‍ സാധിക്കുമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അത് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കപ്പലുവഴി പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുകയാണെങ്കില്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും സംസ്ഥാനം സജ്ജീകരണങ്ങള്‍‌ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios