അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മക്കളും അദ്ദേഹത്തിന്‍റെ സഹോദരങ്ങളുടെ മക്കളും കുട്ടികളിലെ സിനോഫാം കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തി പരിശോധനയില്‍ പങ്കെടുത്തു.

അബുദാബി: യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധന പുരോഗമിക്കുകയാണ്. ചൈനീസ് വാക്സിനായ സിനോഫാം ഉപയോഗിച്ചുള്ള 'ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി'യാണ് യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം ആരംഭിച്ചത്. 

അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മക്കളും അദ്ദേഹത്തിന്‍റെ സഹോദരങ്ങളുടെ മക്കളും കുട്ടികളിലെ സിനോഫാം കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തി പരിശോധനയില്‍ പങ്കെടുത്തു. അബുദാബി മീഡിയ ഓഫീസാണ് രാജകുടുംബത്തിലെ കുട്ടികള്‍ ഫലപ്രാപ്തി പരിശോധനയില്‍ പങ്കെടുക്കുന്ന വീഡിയോ പങ്കുവെച്ചത്. 

Scroll to load tweet…

'ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി'യില്‍ പങ്കെടുക്കുന്ന കുട്ടികളെ ആദ്യം പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കും. വാക്‌സിനേഷന് ശേഷം ഇവരുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും പരിശോധിക്കും. പിന്നീട് കുട്ടികളെ 30 മിനിറ്റ് നിരീക്ഷണത്തിന് വിധേയരാക്കും. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഈ പഠനം കൊവിഡ് പോരാട്ടത്തില്‍ സുപ്രധാന ചുവടുവെപ്പാണ്. വിവിധ രാജ്യക്കാരായ 900 കുട്ടികളില്‍ വാക്സിന്‍ കാരണമായി രൂപപ്പെടുന്ന രോഗ പ്രതിരോധശേഷി പഠന വിധേയമാക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്കും വൈകാതെ തന്നെ വാക്സിനുകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പ്രതീക്ഷ. ഓരോ കുട്ടിയെയും മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയാവും പരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുക. ഇവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്‍മമായി വിലയിരുത്തിക്കൊണ്ടിരിക്കും.