കഴിഞ്ഞ വര്‍ഷം യുഎഇയുമായുള്ള രാജ്യത്തിന്റെ വ്യാപാരത്തില്‍ 260 മില്യണ്‍ യു.എസ് ഡോളറിന്റെ വളര്‍ച്ചയുണ്ടായ  പശ്ചാത്തലത്തിലാണ് ദേശീയ ദിനാഘോഷ വേളയില്‍ സി.ഇ.പി.എ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള തീരുമാനം. 

ദുബായ്: എക്സ്പോ 2020ല്‍ ചിലി ദേശീയ ദിനമാഘോഷിച്ചു. ഉഭയ കക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ എക്സ്പോ പ്രാരംഭത്തോടെ തുടക്കമിട്ട യുഎഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സി.ഇ.പി.എ) സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം യുഎഇയുമായുള്ള രാജ്യത്തിന്റെ വ്യാപാരത്തില്‍ 260 മില്യണ്‍ യു.എസ് ഡോളറിന്റെ വളര്‍ച്ചയുണ്ടായ പശ്ചാത്തലത്തിലാണ് ദേശീയ ദിനാഘോഷ വേളയില്‍ സി.ഇ.പി.എ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള തീരുമാനം. 
ഒക്ടോബറില്‍ പവലിയന്‍ ഉദ്ഘാടനം ചെയ്ത ശേഷം വീണ്ടും എക്സ്പോ സന്ദര്‍ശിക്കാനായത് അഭിമാനകരമാണെന്ന് ചിലിയന്‍ വ്യാപാര സഹമന്ത്രി റോഡ്രിഗോ യാനസ് പറഞ്ഞു. എക്സ്പോയില്‍ അഞ്ചു മാസത്തെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. തങ്ങളുടെ ഗ്യാസ്ട്രോണമിയും കലയും നൂതനാശയങ്ങളും കണ്ട 100,000 പേരെ സ്വീകരിക്കാനായി. 110 കമ്പനികള്‍ ഇവിടെ നിക്ഷേപം നടത്തി. എക്സ്പോയിലെ തങ്ങളുടെ പങ്കാളിത്തം പ്രസക്തമാണെന്നതിന് ഇതാണ് തെളിവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങല്‍ തമ്മിലുള്ള ബന്ധം ജ്വലിപ്പിക്കാന്‍ എക്സ്പോ കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു. 

''മൂന്നു വര്‍ഷത്തെ നയതന്ത്ര ബന്ധങ്ങളുടെ ഫലമാണ് ഞങ്ങളുടെ പങ്കാളിത്തം. ചിലിക്ക് യുഎഇ ശക്തനായ പങ്കാളിയാണ്. സി.ഇ.പി.എ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ യുഎഇ സര്‍ക്കാറുമായി ഞങ്ങള്‍ ഇന്നലെ കരാര്‍ ഒപ്പുവെച്ചു. എക്സ്പോയിലെ ഞങ്ങളുടെ വിജയകരമായ പങ്കാളിത്തത്തിലൂടെ ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളെ ശക്തിപ്പെടുത്താനാകുമെന്ന് പ്രതീക്ഷയുണ്ട്'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പിന്നിട്ട ദശകത്തില്‍ ഉഭയ കക്ഷി വ്യാപാരം വളര്‍ച്ചയുടെ പാതയിലാണ്. യുഎഇയിലേക്കുള്ള ചിലിയന്‍ കയറ്റുമതി വാര്‍ഷിക ശരാശരി നിരക്ക് 6 ശതമാനം വളരുന്നു. അതേസമയം, ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തേക്കുള്ള ഇറക്കുമതി 18.6 ശതമാനമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ജി.സി.സി രാജ്യങ്ങളുമായി, പ്രത്യേകിച്ചും യു.എ.ഇയുമായി ചിലി പൊതുവായ പല കാര്യങ്ങളും പങ്കിടുന്നുണ്ട്. യു.എ.ഇയുമായി തങ്ങളുടെ സാന്നിധ്യവും ശൃംഖലകളും വര്‍ദ്ധിപ്പിക്കാനുള്ള ചിലിയുടെ താത്പര്യത്തെ ഈ കരാര്‍ പിന്തുണയ്ക്കും.