കാർ ഫാക്ടറി സൗദിയിൽ സ്ഥാപിക്കുന്നതിനായി ചൈനീസ് കമ്പനിയായ ‘സിൻചെങ് ജിയാവോ ടെക്നോളജി’ യുമായി സഹകരണ കരാർ ഒപ്പുവെച്ചതായി ജിസാൻ ചേംബർ വ്യക്തമാക്കി. 

റിയാദ്: 15 വർഷത്തേക്ക് ഏകദേശം 10 ബില്യൺ യൂറോ നിക്ഷേപം പ്രതീക്ഷിക്കുന്ന ആധുനികവും നൂതനവുമായ ഒരു കാർ ഫാക്ടറി സൗദിയിൽ സ്ഥാപിക്കുന്നതിനായി ചൈനീസ് കമ്പനിയായ ‘സിൻചെങ് ജിയാവോ ടെക്നോളജി’ യുമായി സഹകരണ കരാർ ഒപ്പുവെച്ചതായി ജിസാൻ ചേംബർ വ്യക്തമാക്കി.

സൗദിക്കും ചൈനയ്ക്കും ഇടയിലുള്ള വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിലും വിഷൻ 2030ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദിയിലെ ആധുനിക ഓട്ടോമോട്ടീവ് വ്യവസായത്തെ പ്രാദേശികവൽക്കരിക്കുന്നതിനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ കരാറെന്നും ജിസാൻ ചേംബർ പറഞ്ഞു. ഓട്ടോമോട്ടീവ് മേഖലയിലെ പ്രാദേശിക വിപണിയുടെ ആവശ്യങ്ങളും ഭാവി അവസരങ്ങളും തിരിച്ചറിയുന്നതിനായി സമഗ്രമായ പഠനങ്ങൾ നടത്തുക, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പദ്ധതിയുടെ വിജയത്തിന് ആവശ്യമായ സർക്കാർ പിന്തുണയും സൗകര്യങ്ങളും നൽകുന്നതിന് സംഭാവന നൽകുക, രാജ്യത്തെ സർക്കാർ ഏജൻസികളുമായി സഹകരിച്ച് പദ്ധതിയുടെ സ്ഥാനം നിർണ്ണയിക്കുക എന്നി സഹകരണ കരാറിൽ ഉൾപ്പെടുന്നുവെന്നും ജിസാൻ ചേംബർ പറഞ്ഞു.