ദുബായ്: ട്വന്‍റി ട്വന്‍റി ക്രിക്കറ്റിലെ 'കിങ്ങും' 'ബോസു'മെല്ലാമായ ക്രിസ് ഗെയ്ല്‍ ഐപിഎല്ലിനിടെയുള്ള അപ്രതീക്ഷിത ആശുപത്രിവാസത്തെ നേരിട്ടതും കിംഗ് സ്റ്റൈലില്‍ തന്നെ. കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ഐപിഎല്‍ മത്സരത്തിനെത്തിയ ക്രിസ് ഗെയ്ല്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് ദുബായ് വിപിഎസ്- മെഡിയോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയാണ് ആശുപത്രി വാസം ക്രിസ്‌ ഗെയ്ല്‍ ആരാധകരെ അറിയിച്ചത്.

കിങ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ഗെയ്ല്‍ കളത്തിലിറങ്ങാത്തത് ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണെന്ന് ക്യാപ്റ്റന്‍ അനില്‍ കുംബ്ലൈ പറഞ്ഞിരുന്നു. തൊട്ടു പിന്നാലെയാണ് പോരാടാതെ വീഴില്ലെന്ന അടിക്കുറിപ്പോടെ ക്രിസ് ഗെയ്ല്‍ 'ചില്‍' ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇരുകണ്ണുകളിലും കക്കിരി കഷണങ്ങളും ചുണ്ടില്‍ കാരറ്റുമായി കിടക്കയില്‍ ചാരിയിരിക്കുന്ന ഗെയ്ലിന്റെ ഒരു കയ്യില്‍ ഫോണുമുണ്ട്.

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഇതിനകം തന്നെ വൈറലായ പോസ്റ്റിനു താഴെ നിരവധി ക്രിക്കറ്റ് താരങ്ങളും ആരാധകരുമാണ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന ആശംസകള്‍ നേരുന്നത്. ക്രിസ് ഗെയ്ലിന്റെ തിരിച്ചുവരവിനായി ഇനിയും കാത്തിരിക്കാന്‍ ആകില്ലെന്നും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മെഡിയോര്‍ ആശുപത്രിയും സമൂഹ മാധ്യമങ്ങളില്‍ ആശംസിച്ചു. പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പോസ്റ്റിനൊപ്പമാണ് തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിയും ആശംസകളും അര്‍പ്പിച്ചുള്ള വീഡിയോ ക്രിസ് ഗെയ്ല്‍ ഇന്‍സ്റ്റാഗ്രാം ഫേസ്ബുക്ക് സ്റ്റോറികളില്‍ പങ്കുവച്ചത്. 

പരിചരിക്കാന്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്ന ഫാര്‍മസിസ്റ്റ് എം തൗസീഫിന് ഗെയ്ല്‍ വീഡിയോയില്‍ പിറന്നാള്‍ ആശംസ നേര്‍ന്നു. ഒപ്പം സ്വന്തം ശൈലിയില്‍ ഹാപ്പി ബര്‍ത്ത്‌ഡേ പാട്ടും. ആശുപത്രിയിലെ ഇന്‍റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗെയ്ലിനെ ചികിത്സിച്ചത്. ഡോക്ടര്‍ ഷഫീഖിനും സംഘത്തിലെ നഴ്സായ വിജി മോള്‍ വിജയനും ഗെയ്ല്‍ വീഡിയോയില്‍ പ്രത്യേകം നന്ദിയറിയിച്ചു. 

'ഞാന്‍ ഇപ്പോള്‍ ഡോക്ടറുടെ ഓഫീസിലാണ്. എന്റെ ഓഫീസില്‍ എന്നും പറയാം. ഇന്ന് ഒരു പ്രത്യേക വ്യക്തി എനിക്കൊപ്പമുണ്ട്. ഡോ തൗസീഫ്. എന്നെ പരിചരിച്ചതിനു നന്ദി. ഇതോടൊപ്പം വിജി, ഡോക്ടര്‍ ഷഫീഖ്. ആശുപത്രിയിലെ പരിചരണത്തിന് നന്ദി. വളരെ മികച്ച രീതിയിലാണ് ഇവര്‍ എന്നെ പരിചരിച്ചത്. ഡോക്ടറും നഴ്സും രാത്രി മുഴുവന്‍ എന്നെ പരിചരിക്കാനായി നിന്നു. യൂണിവേഴ്‌സല്‍ ബോസായ ക്രിസ് ഗെയ്ല്‍ ശക്തനായിരിക്കാനും തിരിച്ചുവരവ്  ഉറപ്പാക്കാനും വേണ്ടിയാണ് ഇവര്‍ പ്രയത്‌നിച്ചത്. തുടര്‍ന്നും ഞങ്ങളെ പ്രചോദിപ്പിക്കുക. ജീവനുകള്‍ രക്ഷിക്കുക. ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്  അതുകൊണ്ടു തന്നെ നിങ്ങളുടെ സേവനത്തെ അഭിനന്ദിക്കുന്നു'- ഗെയ്ല്‍ പറഞ്ഞു.

"

ഗെയ്‍ലിന്‍റെ നല്ല വാക്കുകള്‍ക്ക് ഡോ. ഷഫീഖും വിജിയും നന്ദി പറഞ്ഞു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് ആശുപത്രി വിട്ട ഗെയ്ല്‍ വൈകാതെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ രക്ഷകനാകുമെന്ന പ്രതീക്ഷയിലാണ് ഐപിഎല്‍ ആരാധകര്‍.