മസ്കറ്റ്: ഉണ്ണിയേശുവിന്റെ തിരുപിറവിയോട് അനുബന്ധിച്ചു ഒമാനിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിൽ തീ ജ്വാല ശുശ്രൂഷകളും പാതിരാ കുർബാനയും നടന്നു. ഒമാൻ മതകാര്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ആയിരുന്നു ആരാധനകൾ ക്രമീകരിച്ചിരുന്നത്. ഒമാനിൽ തിങ്കളാഴ്ച പ്രവർത്തി ദിവസമാണെങ്കിലും , ഒട്ടും കുറവ് വരുത്താതെയാണ് വിശ്വാസികൾ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം മുതൽ തന്നെ ഒമാനിലെ എല്ലാ ദേവാലയങ്ങളിലും ക്രിസ്മസിന്റെ പ്രത്യേക ശുശ്രൂഷകൾ ആരംഭിച്ചിരുന്നു. ക്രിസ്മസിന് ഏറ്റവും പ്രാധന്യത്തോടു കൂടി നടത്തി വരുന്ന തീ ജ്വാല ശുശ്രൂഷയിൽ ധാരാളം വിശ്വാസികളാണ് പങ്കെടുത്തത്.

സത്യ പ്രകാശമായ ക്രിസ്തുവിനെ സർവ ലോകവും കുമ്പിട്ടു ആരാധിച്ചതിന്റെ പ്രതീകമായിട്ടാണ് തീ ജ്വാല ശുശ്രൂഷ നടത്തിവരുന്നത്. ഗാല മർത്തശ്‌മൂനി യാക്കോബായ സുറിയാനി ദേവാലയത്തിൽ നടന്ന തീ ജ്വാല ശുശ്രൂഷയ്ക്ക് മാർ ഒസ്താത്തിയോസ് ഐസക്ക് നേതൃത്വം നൽകി. ഒമാൻ മതകാര്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള റൂവി, ഗാല, സൊഹാർ, സലാല എന്നി നാല് പ്രധാന കേന്ദ്രങ്ങളിൽ പുലർച്ചെ വരെയാണ് വിവിധ സഭകളുടെ നേതൃത്വത്തിലു ഉള്ള ആരാധനകൾ നടന്നത്.