തിങ്കളാഴ്ച വൈകുന്നേരം സൗദി ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ സിഇഒ ബദര്‍ അല്‍ സഹ്റാനി തീയറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  

ജിദ്ദ: മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട നിരോധനം നീക്കി ഒരു വര്‍ഷത്തിനിപ്പുറം ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍ തുറന്നു. റെഡ് സീ മാളിലെ തീയറ്ററില്‍ 12 സ്ക്രീനുകളിലാണ് പ്രദര്‍ശനം തുടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ തീയറ്ററുകളുടെ എണ്ണം ആറായി.

തിങ്കളാഴ്ച വൈകുന്നേരം സൗദി ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ സിഇഒ ബദര്‍ അല്‍ സഹ്റാനി തീയറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 1400ലധികം സീറ്റുകളാണ് ഇവിടെയുള്ളത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോക്സ് സിനിമാസാണ് തീയറ്റര്‍ സജ്ജീകരിച്ചത്. 12 സ്ക്രീനുകളില്‍ മൂന്നെണ്ണം ഗോള്‍ഡ് ലക്ഷ്വറി കാറ്റഗറിയിലുള്ളവയാണ്. രാവിലെ 9 മണിമുതല്‍ രാത്രി 12 മണിവരെയാണ് പ്രദര്‍ശനം. 

തീയറ്ററുകള്‍ക്ക് കഴിഞ്ഞ 35 വര്‍ഷങ്ങളായുണ്ടായിരുന്ന വിലക്ക് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് നീക്കിയത്. കഴിഞ്ഞ വര്‍ഷം റിയാദിലാണ് രാജ്യത്തെ ആദ്യ തീയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.