ബഹ്‌റൈനില്‍ ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച 'ഇമാം ആര്‍മി' എന്ന ഭീകര സംഘത്തിലെ അംഗമായിരുന്നു പ്രതി. ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നത് സംഘത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു.

മനാമ: ഇറാന്‍ റവലൂഷണറി ഗാര്‍ഡിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും ഭീകരസംഘത്തില്‍ അംഗമാകുകയും ചെയ്ത സ്വദേശിയുടെ ശിക്ഷ ബഹ്‌റൈനില്‍ കോടതി ശരിവെച്ചു. 15 വര്‍ഷം ജയില്‍ശിക്ഷയാണ് കേസില്‍ കോടതി വിധിച്ചത്.

2013ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേസില്‍ പുനര്‍വാദം കേട്ട മേജര്‍ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു. ബഹ്‌റൈനില്‍ ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച 'ഇമാം ആര്‍മി' എന്ന ഭീകര സംഘത്തിലെ അംഗമായിരുന്നു പ്രതി. ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നത് സംഘത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

2013 നവംബറില്‍ പിടിയിലായ 23 പ്രതികളില്‍ നാല് പേര്‍ക്ക് ജീവപര്യന്തവും ആറ് പേര്‍ക്ക് 15 വര്‍ഷം കഠിന തടവുമാണ് കോടതി വിധിച്ചിരുന്നത്. 13 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി മോചിപ്പിച്ചു. എന്നാല്‍ തന്റെ കക്ഷിക്ക് വിചാരണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 15 വര്‍ഷം തടവിന് വിധിച്ച പ്രതികളില്‍ ഒരാളുടെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി പുനര്‍വിചാരണ അനുവദിക്കുകയും വിധി ശരിവെക്കുകയുമായിരുന്നു.