ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ സുല്‍ത്താന്‍ ഖാബൂസ് പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചു.

മസ്കറ്റ്: ബലിപെരുന്നാളിനെ വരവേറ്റ് ഒമാനിലെ വിശ്വാസികള്‍. രാജ്യത്ത് ബലിപെരുന്നാള്‍ അവധി ദിവസങ്ങള്‍ തുടരുകയാണ്. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ സുല്‍ത്താന്‍ ഖാബൂസ് പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചു.

ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സഈദ് അല്‍ മഅ്മരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. രാജ കുടുംബാംഗങ്ങള്‍, ഉപപ്രധാന മന്ത്രി, മന്ത്രിമാര്‍, സുല്‍ത്താന്റെ സായുധ സേനയുടെ കമാന്‍ഡര്‍മാര്‍, റോയല്‍ ഒമാന്‍ പൊലീസ്, മറ്റ് സുരക്ഷാ ഏജന്‍സികള്‍, പൗരപ്രമുഖര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഒമാനില്‍ രാവിലെ എല്ലാ പള്ളികളിലും ഈദ് മുസല്ലകളിലും പെരുന്നാള്‍ നമസ്കാരം നടന്നു. സൗഹൃദങ്ങള്‍ പുതുക്കിയും കുടുംബവുമായി ഒത്തുചേര്‍ന്നും ആളുകള്‍ സന്തോഷം പങ്കുവെച്ചു. സ്വദേശികളും പ്രവാസികളും പെരുന്നാള്‍ ആഘോഷമാക്കി. ഒമാനില്‍ അഞ്ച് ദിവസമാണ് ബലിപെരുന്നാള്‍ അവധി.