പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ സൗദി അറേബ്യയിലുടനീളം ബലിപെരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. മക്കയിലെയും മദീനയിലെയും ഹറം പള്ളികളിൽ നടന്ന പ്രത്യേക നമസ്കാരങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്തു. സമൂഹത്തിൽ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ ഇമാമുമാർ പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

റിയാദ്: പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകൾ പുതുക്കി, ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സൗദി അറേബ്യയിലുടനീളം ബലിപെരുന്നാൾ ആഘോഷിച്ചു. സ്വദേശികളും വിദേശികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് വിശ്വാസികളാണ് അതിരാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പ്രത്യേക പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കെടുത്തത്. സമൂഹത്തിൽ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ ഇമാമുമാർ പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന നമസ്കാരത്തിനും ഖുതുബയ്ക്കും ഹറം ഇമാം ഡോ. ബന്ദർ ബലീല നേതൃത്വം നൽകി. തീർഥാടകർ കല്ലേറ്, മുടി മുറിക്കൽ, ബലിയർപ്പണം, ‘ത്വവാഫുൽ ഇഫാദത്ത്’ തുടങ്ങിയ പ്രവാചകചര്യകൾ പിൻപറ്റുന്നതിനാൽ വർഷത്തിലെ ഏറ്റവും മികച്ച ദിവസമാണ് ബലിപെരുന്നാളെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തീർഥാടകർ ഖുർആനും പ്രവാചകചര്യയും അനുസരിച്ച് കർമങ്ങൾ പൂർത്തിയാക്കണമെന്നും, ദൈവത്തെ ഭയന്ന് പരസ്പര സാഹോദര്യത്തോടെ ജീവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസികളുടെ സുരക്ഷയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് അധികൃതർ ഇവിടെ ഒരുക്കിയിരുന്നത്. മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഇമാം ഡോ. അഹമ്മദ് ബിൻ അലി അൽഹുദൈഫി നേതൃത്വം നൽകി. വൻ ജനാവലി പങ്കെടുത്ത ചടങ്ങിൽ, സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും മൂല്യങ്ങൾ വളർത്തിയെടുക്കാനുള്ള ഉത്തമ അവസരമാണ് പെരുന്നാളെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്‍ലിംകൾക്കിടയിൽ പരസ്പര സഹകരണവും ഏകദൈവ വിശ്വാസവും നീതിയും ശക്തിപ്പെടുത്തേണ്ടതിെൻറ പ്രാധാന്യവും മദീന ഇമാം തെൻറ പ്രസംഗത്തിൽ പ്രത്യേകം സൂചിപ്പിച്ചു.