ഭര്‍ത്താവിന്‍റെ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതിക്ക് പിഴശിക്ഷ വിധിച്ച് കോടതി. റാസ് അല്‍ ഖൈമയിലെ സിവില്‍ കോടതിയുടേതാണ് തീരുമാനം. ഭര്‍ത്താവിന്‍റെ ഫോണ്‍ രഹസ്യമായി നിരീക്ഷിച്ചതിലൂടെ സ്വകാര്യതാ ലംഘനമാണ് ഭാര്യ നടത്തിയിട്ടുള്ളത്. ഭര്‍ത്താവിന് പൊതുമധ്യത്തിലുള്ള പ്രതിച്ഛായ നശിപ്പിക്കണമെന്ന വിലയിരുത്തലോടെ ഫോണിലെ ഫോട്ടോയും റെക്കോര്‍ഡിംഗും അടക്കമുള്ള വിവരങ്ങളും ഭാര്യ മറ്റുള്ളവര്‍ക്ക് നല്‍കിയതിലൂടെ ചെയ്തുവെന്നും കോടതി വിലയിരുത്തി.

ഇമാറത്ത് അല്‍ യൂം എന്നയാളുടെ പരാതിയിലാണ് കോടതിയുടെ തീരുമാനം. ഭാര്യയുടെ നടപടിയില്‍ സംഭവിച്ച മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ളതായിരുന്നു ഇയാളുടെ പരാതി. ചിത്രങ്ങളും റെക്കോര്‍ഡിംഗുകളും  മറ്റുള്ളവര്‍ക്ക് നല്‍കി കുടുംബത്തില്‍ ഇയാളെ അപമാനിച്ചതായും പരാതിയില്‍ വിശദമാക്കുന്നു. കേസുമായി മുന്നോട്ട് പോകേണ്ടി വന്നതിനാല്‍ ജോലി ദിവസങ്ങള്‍ നഷ്ടമാവുകയും ശമ്പളം ലഭിക്കാതെ വരികയും ചെയ്തുവെന്നും വന്‍തുക ചെലവിട്ടാണ് അറ്റോണിയെ ഏര്‍പ്പാടാക്കിയതെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.

അസഭ്യം പറഞ്ഞ് ഭാര്യയെ ഇയാള്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നാണ് മറുഭാഗം വക്കീല്‍ വാദിച്ചത്. ഭാര്യയും ഇവരുടെ മകളും ആശ്രയമില്ലാത്ത അവസ്ഥയിലാണെന്നും യുവതിയുടെ വക്കീല്‍ കോടതിയെ അറിയിച്ചു. സ്വകാര്യതാ ലംഘനം നടത്തിയതിന് ഭര്‍ത്താവിന് ഒരു ലക്ഷത്തോളം രൂപയും കോടതി ചെലവിനുള്ള പണവും നല്‍കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona