അജ്മാനിൽ സ്വന്തം വീട്ടിലുണ്ടായ തീപിടിത്തം സമയോചിതമായി അണച്ച ഒൻപതുകാരനായ റാഷിദ് അബ്ദുള്ള അൽ ഹൊസാനിയെ സിവിൽ ഡിഫൻസ് ആദരിച്ചു. മുത്തശ്ശിയുടെ സഹായത്തോടെ നനഞ്ഞ പുതപ്പുപയോഗിച്ചാണ് കുട്ടി തീ കെടുത്തിയത്.
അജ്മാൻ: സ്വന്തം വീട്ടിലുണ്ടായ തീപിടിത്തം സമയോചിതമായി നിയന്ത്രിച്ച് വലിയ ദുരന്തം ഒഴിവാക്കിയ ഒൻപതുകാരന് അജ്മാൻ സിവിൽ ഡിഫൻസിന്‍റെ ആദരം. റാഷിദ് അബ്ദുള്ള അൽ ഹൊസാനി എന്ന കുട്ടിയെയാണ് സമയബന്ധിതമായ ഇടപെടലിനും ധൈര്യത്തിനും അജ്മാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ആദരിച്ചത്.വീട്ടിൽ തീ പടരുന്നത് കണ്ടയുടൻ റാഷിദ് ഒരു പുതപ്പ് വെള്ളത്തിൽ മുക്കി മുത്തശ്ശിയുടെ സഹായത്തോടെ തീയ്ക്ക് മുകളിലിട്ട് അണയ്ക്കുകയായിരുന്നു. ഇവരുടെ സമയോചിതമായ ഈ പ്രവൃത്തി മൂലം തീ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചു.
കുട്ടിയുടെ ഉചിതമായ പ്രതികരണത്തെ പ്രശംസിച്ച സിവിൽ ഡിഫൻസ് അധികൃതർ, റാഷിദിനെ ആസ്ഥാനത്തേക്ക് ക്ഷണിച്ചുവരുത്തി പ്രശസ്തിപത്രം സമ്മാനിച്ചു. സന്ദർശനവേളയിൽ സിവിൽ ഡിഫൻസിലെ ഫയർ എഞ്ചിനുകളും അനുബന്ധ ഉപകരണങ്ങളും കുട്ടിയെ കാണിക്കുകയും അഗ്നിശമന സേനാംഗങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു നൽകുകയും ചെയ്തു. കൂടാതെ അഗ്നിസുരക്ഷാ ബോധവൽക്കരണ ക്ലാസിലും കുട്ടി പങ്കെടുത്തു.സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സിവിൽ ഡിഫൻസ് നടത്തുന്ന സുരക്ഷാ ബോധവൽക്കരണ പരിപാടികളുടെ വിജയമാണ് ഇത്തരം സംഭവങ്ങളെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം പഠനങ്ങൾ കുട്ടികൾക്ക് പ്രായോഗിക ഘട്ടങ്ങളിൽ അപകട സാധ്യത കുറയ്ക്കാൻ സഹായകരമാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കുട്ടിയുടെ പ്രവർത്തനം പ്രശംസനീയമാണെങ്കിലും, അപകടസാഹചര്യങ്ങളിൽ കുട്ടികൾ സ്വന്ത നിലയിൽ തീ അണയ്ക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. തീപിടിത്തമുണ്ടായാൽ ഉടനടി മുതിർന്നവരെ വിവരമറിയിക്കുകയും, അപകടസ്ഥലത്തുനിന്ന് മാറിനിൽക്കുകയും, സിവിൽ ഡിഫൻസിന്റെ എമർജൻസി നമ്പറിൽ ബന്ധപ്പെടുകയുമാണ് ചെയ്യേണ്ടതെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.


