Asianet News MalayalamAsianet News Malayalam

യുഎഇയിലേക്ക് പ്രവാസികളുടെ മടക്കം; അംഗീകൃത വാക്സിനുകളുടെ കാര്യത്തില്‍ വിശദീകരണവുമായി അധികൃതര്‍

ഫൈസര്‍ ബയോഎന്‍ടെക്, ഓക്സ്ഫോഡ് ആസ്‍ട്രസെനിക അല്ലെങ്കില്‍ കൊവിഷീല്‍ഡ്, സിനോഫാം, സ്‍പുട്‍നിക് എന്നിവയാണ് യുഎഇ അംഗീകരിച്ചിട്ടുള്ള വാക്സിനുകളെന്നാണ് അറിയിപ്പ്. 

clarification on Covid vaccines approved by UAE  for travelers from India
Author
Dubai - United Arab Emirates, First Published Jun 20, 2021, 5:29 PM IST

ദുബൈ: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്കുള്ള പ്രവേശന വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ആശ്വാസത്തിലാണ് പ്രവാസികള്‍. യുഎഇ അംഗീകരിച്ച ഏതെങ്കിലും ഒരു വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവര്‍ക്കാണ് പ്രവേശന അനുമതി ലഭിക്കുക. ഈ സാഹചര്യത്തില്‍ അംഗീകൃത വാക്സിനുകളുടെ കാര്യത്തില്‍ ഞായറാഴ്‍ച ദുബൈ ഹെല്‍ത്ത് അതോരിറ്റി വിശദീകരണം പുറത്തിറക്കി.

ഫൈസര്‍ ബയോഎന്‍ടെക്, ഓക്സ്ഫോഡ് ആസ്‍ട്രസെനിക അല്ലെങ്കില്‍ കൊവിഷീല്‍ഡ്, സിനോഫാം, സ്‍പുട്‍നിക് എന്നിവയാണ് യുഎഇ അംഗീകരിച്ചിട്ടുള്ള വാക്സിനുകളെന്നാണ് അറിയിപ്പ്. ഇന്ത്യയില്‍ ലഭ്യമാവുന്ന കൊവിഷീല്‍ഡ് വാക്സിനും ഓക്സ്‍ഫോഡ് ആസ്‍ട്രസെനികയും ഒരേ വാക്സിനാണെന്നും, അതുകൊണ്ടുതന്നെ കൊവിഷീല്‍ഡിന്  അംഗീകാരമുണ്ടെന്നും ദുബൈ ഹെല്‍ത്ത് അതോരിറ്റിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

യാത്രാവിലക്കില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് ജൂണ്‍ 23നാണ് പ്രാബല്യത്തില്‍ വരുന്നത്. യാത്ര പുറപ്പെടുന്നതിന്  48 മണിക്കൂറിനകമുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതില്‍ യുഎഇ സ്വദേശികള്‍ക്ക് ഇളവുണ്ട്. ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള പരിശോധനാ ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന നിര്‍ദേശവുമുണ്ട്. 

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാരെ വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കും. ഈ പരിശോധനയുടെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. യുഎഇ സ്വദേശികള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഈ നിബന്ധനയിലും ഇളവുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios