സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം കടുപ്പിക്കുന്നു. 'ഡെവലപ്പർ നിതാഖാത്' പദ്ധതിയുടെ പുതിയ ഘട്ടം സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ‘ഡെവലപ്പർ നിതാഖാത്’ പദ്ധതിയുടെ പുതിയ ഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. 2026 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പരിഷ്കാരം പ്രവാസി തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാകും.
2026 മുതൽ 2029 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ സ്വദേശികൾക്കായി 3,40,000 പുതിയ തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുമ്പോൾ, വിദേശികൾക്ക് അത്രയും അവസരങ്ങൾ നഷ്ടമാകും. സൗദി വിഷൻ 2030-െൻറ ഭാഗമായി തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന നിതാഖാത് പദ്ധതിയുടെ ഏറ്റവും പുതിയ പതിപ്പാണ് വരാനിരിക്കുന്നത്. നിലവിൽ വിദേശികൾ കൈയ്യാളുന്ന ലക്ഷക്കണക്കിന് തസ്തികകൾ വരും വർഷങ്ങളിൽ സ്വദേശികൾക്കായി മാറ്റിവെക്കേണ്ടി വരും. ഇത് പ്രധാനമായും ഇടത്തരം, വൻകിട സ്ഥാപനങ്ങളിലെ പ്രവാസി ജീവനക്കാരെ ബാധിക്കും.
‘ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മുൻ ഘട്ടങ്ങളിലെ വിജയം മന്ത്രാലയത്തിന് ആത്മവിശ്വാസം നൽകുന്നു’ -സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അൽരാജ്ഹി. 2021-ൽ പദ്ധതിയുടെ ആദ്യ ഘട്ടങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ 5.5 ലക്ഷം സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി നൽകാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഈ വിജയത്തിെൻറ തുടർച്ചയായാണ് പുതിയ ലക്ഷ്യങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.


