റിയാദ്: സൗദിയിൽ കാലാവസ്ഥാമാറ്റത്തെതുടര്‍ന്ന് ഇനിയുള്ള ഒരാഴ്ച രാജ്യത്തു ശീതക്കാറ്റടിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ, വരുന്ന ഒരാഴ്ച ശീതക്കാറ്റ് അടിക്കുമെന്നാണ് കാലാവസ്ഥ  വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയത്.

രാജ്യത്തിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുനിന്നാണ് കാറ്റ് തുടങ്ങുക. പിന്നീട് രാജ്യത്തിൻറെ മധ്യ ഭാഗത്തേക്കും തെക്കു- കിഴക്കു പ്രവിശ്യകളിലും കാറ്റ് എത്തും. ഈ വർഷത്തെ ഏറ്റവും ശക്തമായ ശീതക്കാറ്റാണ് ഈ ആഴ്ചയുണ്ടാകുകയെന്നാണ് അൽ ഖസീം യൂണിവേഴ്‌സിറ്റി ജ്യോഗ്രഫി പ്രൊഫ. സാലിഹ് അൽ റബീയാൻ പറഞ്ഞത്.

വ്യാഴാഴ്ച വരെ തുടരുന്ന കാറ്റ് കൃഷിയെയും കന്നുകാലികളെയും ബാധിക്കുമെന്നാണ്‌ റിപ്പോർട്ട്. അതേസമയം അതിശൈത്യം കണക്കിലെടുത്ത് രാജ്യത്തിന്‍റെ ഉത്തര അതിർത്തി പ്രവിശ്യകളിൽ സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയതായി പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് മേധാവി അറിയിച്ചു. മൂന്നു ദിവസത്തേക്കാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.