കോഴിക്കോട്: എയര്‍ ഇന്ത്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂക്ഷ വിമര്‍ശനം. ഗള്‍ഫ് പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണെന്ന് പിണറായി അഭിപ്രായപ്പെട്ടു.

ഒഴിവുകാലം കണക്കാക്കി നാലും അഞ്ചും ഇരട്ടിയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയാണ് എയര്‍ ഇന്ത്യ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയും വ്യോമയാന മന്ത്രിയും അടക്കമുള്ളവരോട് ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ നാണ്യം എത്തിക്കുന്ന പ്രവാസി സമൂഹത്തിന് യാതൊരു പരിഗണനയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.  കോഴിക്കോട്ട് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.