18ന് അബുദാബിയിലെ ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുപരിപാടിയില്‍ വെച്ച് അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യുമെന്ന് പരിപാടിയുടെ സംഘാടകരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അബുദാബി: പ്രളയത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രവാസികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 17ന് യുഎഇയിലേക്ക് പോകും, 20 വരെ യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ പൊതുപരിപാടികളിലും ചര്‍ച്ചകളിലും അദ്ദേഹം പങ്കെടുക്കും. 

18ന് അബുദാബിയിലെ ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുപരിപാടിയില്‍ വെച്ച് അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യുമെന്ന് പരിപാടിയുടെ സംഘാടകരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 19ന് ദുബായിലും 20ന് ഷാര്‍ജയിലും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ ബീരാന്‍ കുട്ടി അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ട് ആശയങ്ങളും നിക്ഷേപങ്ങളും സഹായങ്ങളും സ്വീകരിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കൊപ്പം വ്യവാസായി സമൂഹവുമായും മുഖ്യമന്ത്രി സംവദിക്കും.

എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടിയുടെയും വേദികളുടെയും കാര്യത്തില്‍ അന്തിമധാരണയിലെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും യുഎഇ ഭരണകൂടത്തിന്റെയും അനുമതികള്‍ക്ക് കാത്തിരിക്കുകയാണെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.