ഒമാനിലെ ഇന്ത്യൻ സ്ഥാനപതി  അമിത് നാരംഗ്,  പത്നി ദിവ്യ നാരംഗ്, വാദി കബീർ ഇന്ത്യൻ സ്കൂൾ രക്ഷാധികാരികളായ അനിൽ ഖിംജി, കിരൺ ആഷർ എന്നിവര്‍ക്ക് പുറമെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.

മസ്‍കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ സംയുക്തമായി സംഘടിപ്പിച്ച 74-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യൻ സ്‌കൂൾ വാദി അൽ കബീറും ഇന്ത്യൻ സ്‌കൂൾ വാദി കബീർ ഇന്റർനാഷണലും ആതിഥേയത്വം വഹിച്ചു. പൂച്ചെടികളും കട്ട്‌ഔട്ടുകളും, ദേശീയ പതാകകളും കൊണ്ട് മനോഹരമായി അലങ്കരിച്ച സ്‍കൂള്‍ ഗ്രൗണ്ടിലായിരുന്നു ആഘോഷം.

ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, പത്നി ദിവ്യ നാരംഗ്, വാദി കബീർ ഇന്ത്യൻ സ്കൂൾ രക്ഷാധികാരികളായ അനിൽ ഖിംജി, കിരൺ ആഷർ എന്നിവര്‍ക്ക് പുറമെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഒമാന്റെ തലസ്ഥാന നഗരിയായ മസ്‌കറ്റിലെ എട്ട് ഇന്ത്യൻ സ്‌കൂളുകളായ ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത്, ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റ്, ഇന്ത്യൻ സ്‌കൂൾ മബെല, ഇന്ത്യൻ സ്‌കൂൾ ഗുബ്ര, ഇന്ത്യൻ സ്‌കൂൾ സീബ്, ഇന്ത്യൻ സ്‌കൂൾ ബൗഷർ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആതിഥേയരായ ഇന്ത്യൻ സ്‌കൂൾ വാദി അൽ കബീർ, ഇന്ത്യൻ സ്‌കൂൾ കേംബ്രിഡ്ജ് ഇന്റർനാഷണൽ എന്നിവ കൂടി ഒത്തുചേർന്നാണ് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ അവതരിപ്പിച്ചത്. ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യയുടെ സംസ്കാരവും സമ്പന്നമായ പൈതൃകവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്ര പ്രദർശനവും ഒരുക്കിയിരുന്നു.

Read also: സൗദി അറേബ്യയില്‍ വിപുലമായ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍; വിവിധ പരിപാടികളുമായി പ്രവാസി സംഘടനകളും