ഉമ്മുല്‍ഖുവൈന്‍: കെട്ടിട നിര്‍മാണ സ്ഥലത്ത് കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. യുഎഇയിലെ ഉമ്മുല്‍ ഖുവൈനിലുള്ള  അല്‍ സല്‍മ ഏരിയയിലായിരുന്നു സംഭവം.  വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ തെര്‍മല്‍ ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് അവശിഷ്ടങ്ങള്‍ നീക്കിയശേഷം മൃതദേഹം പുറത്തെടുത്ത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിന് ദൃക്സാക്ഷികളായിരുന്നവരെയും കമ്പനി ഉടമയെയും ചോദ്യം ചെയ്യാനായി ഉമ്മുല്‍ ഖുവൈന്‍ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.