റിയാദ്: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് ലക്ഷ്യം വെച്ചുള്ള കരാറുകള്‍ 86 ശതമാനം പൂര്‍ത്തീകരിച്ചതായി സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. 2021 വരെ 3,60,000 തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നതാണ് ഈ കരാറുകള്‍. 

അഞ്ചു മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയായി. അടുത്ത വര്‍ഷം വരെ 1,24,000 ജോലികള്‍ സ്വദേശിവല്‍ക്കരണത്തിന് നിശ്ചയിച്ചിട്ടുണ്ട്. സ്വയം തൊഴില്‍, വിദൂരജോലി, ഫ്‌ലക്‌സിബിള്‍ ജോലി എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് നിയമനിര്‍മ്മാണം നടത്തിയിരുന്നു. ഇതുവഴി 2022 വരെ 2,68,000 ജോലികള്‍ സ്വദേശിവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യം. ബിരുദധാരികളായ പരിശീലനം നേടിയവര്‍ക്കും തൊഴിലന്വേഷിച്ച് ധാരാളം സമയം ചെലവഴിച്ചവര്‍ക്കും ജോലി നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രാലയം പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇത് സംബന്ധിച്ച് ഓരോ മേഖലയിലെയും സ്വദേശിവല്‍ക്കരണ നടപടികള്‍ വിലയിരുത്താന്‍ ഗവര്‍ണറേറ്റിന് കീഴില്‍ പ്രത്യേക സമിതിയുമുണ്ട്.