ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് കുവൈത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ സൗദി അറേബ്യയുമായി ചേർന്നുള്ള സംയുക്ത നീക്കത്തിലൂടെ പിടികൂടി. സൽമി അതിർത്തിയിൽ വെച്ച് പ്രതിയെ കുവൈത്തിന് കൈമാറിയ സംഭവത്തിൽ, തടവുപുള്ളി എങ്ങനെ രാജ്യം വിട്ടു എന്ന് കണ്ടെത്താൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം രാജ്യം വിട്ട പ്രതിയെ കുവൈത്തും സൗദി അറേബ്യയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടി. ശിക്ഷാ കാലാവധിയുടെ ബാക്കി കാലയളവ് പൂർത്തിയാക്കുന്നതിനായി പ്രതിയെ കുവൈത്ത് അധികൃതർക്ക് കൈമാറി. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെയും വിവരങ്ങൾ കൈമാറിയതിലൂടെയുമാണ് ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താൻ സാധിച്ചത്. സൽമി അതിർത്തിയിൽ വെച്ചാണ് പ്രതിയെ സൗദി അധികൃതർ കുവൈത്തിന് കൈമാറിയത്.

Add Asianetnews as a Preferred SourcegooglePreferred

പ്രതിയെ പിടികൂടുന്നതിനും കൈമാറുന്നതിനും സൗദി ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അൽ സൗദിന്‍റെ നേതൃത്വത്തിൽ സൗദി ആഭ്യന്തര മന്ത്രാലയം നൽകിയ പിന്തുണയ്ക്കും വേഗത്തിലുള്ള നടപടികൾക്കും കുവൈത്ത് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള സുരക്ഷാ പങ്കാളിത്തത്തിന്‍റെ കരുത്താണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം കനത്ത സുരക്ഷാ നിരീക്ഷണങ്ങൾക്കിടയിലും തടവുപുള്ളി എങ്ങനെയാണ് രാജ്യം വിട്ടത് എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ കുവൈത്ത് സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. ഇതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും സഹായിച്ചവർക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും സുരക്ഷാ വീഴ്ചകളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.