റിയാദ്: കോവിഡ് വ്യാപനം തടയാൻ സൗദി അറേബ്യ പ്രഖ്യാപിച്ച അന്താരാഷ്ട്ര വിമാന സർവീസുകളുടെ താൽക്കാലിക നിരോധനം ഞായറാഴ്ച മുതൽ. രണ്ടാഴ്ചത്തേക്കാണ് സൗദിയിലേക്കും തിരികെ മറ്റ് രാജ്യങ്ങളിലേക്കമുള്ള മുഴുവൻ വിമാന സർവീസുകൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക് നടപ്പായത്. ഞായറാഴ്ച സൗദി സമയം രാവിലെ 11 മണി മുതൽ ഒരു ഇന്റർനാഷണൽ വിമാനവും സൗദിയിലിറങ്ങുകയോ തിരികെ പറക്കുകയോ ചെയ്യില്ല.

വിദേശത്തുള്ള സൗദി പൗരന്മാരെ തിരികെ കൊണ്ടുവരാൻ വേണ്ടിയല്ലാതെ സൗദിയിൽ നിന്ന് ഒരു വിമാനവും പുറത്തേക്ക് പറക്കില്ലെന്നാണ് അറിയിപ്പ്. ആദ്യം  ഇന്ത്യ ഉൾപ്പെടെ 39 രാജ്യങ്ങളുമായാണ് വ്യോമ ഗതാഗതം സൗദി അറേബ്യ അവസാനിപ്പിച്ചിരുന്നത്. അത് അനിശ്ചിത കാലത്തേക്കാണെന്നാണ് ആഭ്യന്തര  മന്ത്രാലയം അറിയിച്ചിരുന്നത്. അതോടെ മലയാളികളുൾപ്പെടെ ഈ രാജ്യങ്ങളിലുള്ള സൗദിയിലേക്കുള്ള യാത്രക്കാരെല്ലാം ആശങ്കയിലായിരുന്നു. എന്നാൽ  പുതിയ തീരുമാനം കൃത്യമായും രണ്ടാഴ്ച എന്ന കാലാവധി നിശ്ചയിച്ചുള്ളതാണ്. അത് മുഴുവൻ ലോക രാജ്യങ്ങൾക്കും ബാധകവുമാണ്. 

നേരത്തെ അനുവദിച്ച 72 മണിക്കൂർ സമയത്തിനുള്ളിൽ മടങ്ങിയെത്താൻ കഴിയാത്ത സൗദി തൊഴിൽ വിസയുള്ള വിദേശികൾക്ക് ഇഖാമ, റീ എൻട്രി വിസയുടെ കാലാവധി നീട്ടിനൽകുമെന്നും യാത്രാ നിരോധനം നടപ്പാകുന്ന മാർച്ച് 15 മുതൽ 15 ദിവസം നിയമാനുസൃത ലീവാക്കി കൊടുക്കുമെന്നും സൗദി പാസ്‍പോർട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചിട്ടുണ്ട്. ആശങ്കയിലായ മലയാളികളുൾപ്പെടെ മുഴുവൻ പ്രവാസികൾക്കും ആശ്വാസം നൽകുന്നതാണ് ഈ വാർത്ത.  

നിലവിൽ സൗദിയിൽ സന്ദർശന വിസയിലുള്ളവരുടെ കാലാവധി നീട്ടിനൽകുമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ  പ്രത്യേക സമിതിയും രൂപവത്കരിച്ചു. അതെസമയം വിദേശത്തു നിന്ന് സൗദിയിലേക്ക് വരുന്ന മുഴുവനാളുകളും 14 ദിവസം പുറത്തിറങ്ങാതെ വീടുകളിൽ  തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം കർശന നിർദേശം നൽകി. തൊഴിലാളികളാണെങ്കിൽ അവർക്ക് 14 ദിവസത്തേക്ക് നിയമാനുസൃത മെഡിക്കൽ  ലീവ് അനുവദിക്കും.