മസ്‍കത്ത്: രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടച്ചിടാനുള്ള സാധ്യതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടച്ചിടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ക്രൈസിസ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സൈഫ് അല്‍ മഅ്മരി അറിയിച്ചു. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഒമാനിലെ ചില സ്കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രോഗം ബാധിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നചിത്രങ്ങളും വോയിസ് മെസേജുകളും വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അത്തരം സന്ദേശങ്ങളില്‍ ഒരു സത്യവുമില്ല. വ്യാജ വാര്‍ത്തകള്‍ രാജ്യത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.