അബുദാബി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ നഴ്‍സറി സ്കൂളുകള്‍ക്ക് നാളെ മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പ്രതിരോധ ശേഷി ദുര്‍ബലമായിരിക്കുമെന്നതിനാല്‍ കുട്ടികള്‍ക്ക് വേഗത്തില്‍ അണുബാധയേല്‍ക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

രാജ്യത്തെ എല്ലാ സ്കൂളുകളിലും യോഗങ്ങള്‍ ചേരുന്നതിനും ട്രിപ്പുകള്‍ സംഘടിപ്പിക്കുന്നതിനും സമാനമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യുഎഇ ഭരണകൂടം സ്വീകരിച്ചുവരുന്നത്.