ദുബായ്: ആഘോഷത്തിന്റെ നഗരമായ ദുബായില്‍ ബുര്‍ജ് ഖലീഫയുടെ ഉയരങ്ങളില്‍ ഒരു സന്ദേശം പ്രത്യക്ഷപ്പെട്ടു, അതൊരു ആണ്‍കുട്ടിയാണ്(It's a boy)....നീല വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ തെളിഞ്ഞ ആ സന്ദേശം അറബ് യൂ ട്യൂബര്‍ ദമ്പതികളായ അനസ് മാര്‍വയുടെയും അസല മലേയുടെയും ജീവിതത്തിലേക്കെത്തുന്ന പുതിയ സന്തോഷമായിരുന്നു. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ലോകത്തെ അറിയിക്കാന്‍ അവര്‍ തെരഞ്ഞെടുത്തത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം! അനസിന്റെയും അസലയുടെയും വ്യത്യസ്തമായ ആഘോഷത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ലോകത്തെ വിസ്മയിപ്പിച്ച നിമിഷങ്ങള്‍ക്കാണ് ബുര്‍ജ് ഖലീഫ സാക്ഷ്യം വഹിച്ചത്. തങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ 'ജെന്‍ഡര്‍ റിവീല്‍' ആഘോഷമാക്കാന്‍ അനസും അസലയും മൂത്ത മകള്‍ മിലയ്‌ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ബുര്‍ജിലെത്തിയത്. കുഞ്ഞിന്റെ ജെന്‍ഡര്‍ മറ്റാരെയും അറിയിക്കാതെ ഡോക്ടര്‍മാര്‍ ബുര്‍ജ് ഖലീഫ അധികൃതരോട് മാത്രമാണ് വെളിപ്പെടുത്തിയത്. ദമ്പതികളെ പോലും ഇത് അറിയിച്ചിരുന്നില്ല. ആ വലിയ സര്‍പ്രൈസ് ലോകത്തിന്റെ നെറുകയിലൂടെ തന്നെ തങ്ങളും അറിയണമെന്ന അനസിന്‍റെയും അസലയുടെയും ആഗ്രഹപ്രകാരമായിരുന്നു അത്. 

കൗണ്ട് ഡൗണ്‍ ആരംഭിച്ച് നിമിഷങ്ങള്‍ക്കകം ദമ്പതികള്‍ക്ക് ആശംസകളറിയിച്ച് സന്തോഷം ഇരട്ടിയാക്കി 'ഇറ്റ്‌സ് എ ബോയ്' എന്ന സന്ദേശം ബുര്‍ജില്‍ പ്രത്യക്ഷപ്പെട്ടു. വലിയ ആരവത്തോടെയാണ് ദമ്പതികളും ബന്ധുക്കളും സുഹൃത്തുക്കളും ആ നിമിഷത്തെ വരവേറ്റത്. അറബ് യൂ ട്യൂബര്‍ ദമ്പതികളായ അനസിനും അസലയ്ക്കും അനസല എന്ന 77 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂ ട്യൂബ് ചാനലുണ്ട്. വൈറലായ ഈ വീഡിയോ ഒരു ദിവസത്തിനുള്ളില്‍ ഒരു കോടിയിലേറെ പേരാണ് കണ്ടത് .