റിയാദ്: 2015ല്‍ മക്കയിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. മക്കയിലും പരിസരത്തുമുണ്ടായ അതിശക്തമായ കാറ്റാണ് അപകടത്തിന് കാരണമായതെന്നും മാനുഷിക പിഴവായി കണക്കാക്കാനാവില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. സമാനമായ വിധി നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും അപ്പീലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വിചാരണ നടത്തുകയായിരുന്നു.

2015 സെപ്‍തംബര്‍ 11നായിരുന്നു മക്കയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് അപകടമുണ്ടായത്. മസ്‍ജിദുല്‍ ഹറമില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന കൂറ്റന്‍ ക്രെയിനുകളിലൊന്നാണ്, ഹജ്ജ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ശക്തമായ കാറ്റില്‍ നിലംപതിച്ചത്. മലയാളികളടക്കം നൂറിലധികം പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു.

സംഭവദിവസം മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടി കണ്ടെത്തി അറിയിപ്പ് നല്‍കാന്‍ കാലാവസ്ഥാ നിരീക്ഷണ-പരിസ്ഥിതി സംരക്ഷണ വകുപ്പിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ ഇതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സാധിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ആവശ്യമായ ജാഗ്രത പാലിക്കാന്‍ സാധിക്കുമെങ്കിലും അത് ദുഷ്കരമാണെന്ന് കോടതി വിധി പറയുന്നു. ഇതേതുടര്‍ന്നാണ് കേസിലെ 13 പ്രതികളെയും കുറ്റവിമുക്തരാക്കിയത്.