2004ല്‍ രാജ്യം വിട്ട ഭര്‍ത്താവ് പിന്നീട് തിരികെ വരികയോ ഭാര്യയുമായോ പെൺമക്കളുമായോ യാതൊരു ബന്ധവും പുലര്‍ത്തുകയോ പിന്തുണ നല്‍കുകയോ ചെയ്തിരുന്നില്ല.

മനാമ: ഇരുപത് വര്‍ഷമായി യാതൊരു പിന്തുണയും നല്‍കാതെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവില്‍ നിന്ന് സ്ത്രീയ്ക്ക് വിവാഹമോചനം അനുവദിച്ച് ശരിഅ കോടതി. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ബഹ്റൈന്‍ യുവതിക്കാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.

2004ല്‍ രാജ്യം വിട്ട ഭര്‍ത്താവ് പിന്നീട് തിരികെ വരികയോ ഭാര്യയുമായോ പെൺമക്കളുമായോ യാതൊരു ബന്ധവും പുലര്‍ത്തുകയോ പിന്തുണ നല്‍കുകയോ ചെയ്തിരുന്നില്ല. കുടുംബത്തിന് ചെലവിന് നല്‍കണമെന്ന മുന്‍ കോടതി ഉത്തരവും ഇയാള്‍ പാലിച്ചിരുന്നില്ല. നിയപരമായി വിവാഹം കഴിച്ചതിന് ശേഷമാണ് ഇയാള്‍ രാജ്യം വിട്ടത്.

ഭര്‍ത്താവ് ഉപേക്ഷിച്ചത് മുതല്‍ പിതാവിനൊപ്പമാണ് സ്വദേശി വനിതയും മക്കളും കഴിഞ്ഞിരുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇസ്ലാമിക കുടുംബ നിയമ പ്രകാരം സ്വദേശി വനിതയ്ക്ക് വിവാഹ മോചനം അനുവദിച്ചത്. നിയപരമായ നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ സ്വദേശി വനിതക്ക് വേറെ വിവാഹം കഴിക്കാമെന്നും കോടതി വ്യക്തമാക്കി.