റിയാദ്: വിവാഹം നടത്താന്‍ പിതാവ് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച് സൗദി യുവതി. യുവതിയുടെ പരാതി ബോധ്യപ്പെട്ടതോടെ കോടതി ഇടപെട്ട് വിവാഹം നടത്തി.

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പിതാവ് വിവാഹക്കാര്യത്തില്‍ വിസമ്മതിക്കുകയും വിവാഹാലോചനകള്‍ ആവര്‍ത്തിച്ച് നിരസിക്കുകയും ചെയ്തതോടെയാണ് വിവാഹം നടത്തുന്നതിനുള്ള രക്ഷാകര്‍തൃ പദവി പിതാവില്‍ നിന്ന് നീക്കി കോടതി ജഡ്ജിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. പരാതി ലഭിച്ച് അഞ്ചു ദിവസത്തിനകം തന്നെ യുവതിയുടെ വിവാഹം നടത്തുന്നതിന് പിതാവ് കരുതിക്കൂട്ടി വിസമ്മതിക്കുകയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുവതിയുടെ രക്ഷാകര്‍തൃ ചുമതല പിതാവില്‍ നിന്ന് ജഡ്ജിയിലേക്ക് മാറ്റാന്‍ കോടതി വിധിക്കുകയായിരുന്നെന്ന് നീതിന്യായ മന്ത്രാലയത്തെ ഉദ്ധരിച്ച് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

വിവാഹാലോചനയുമായി യുവതിയുടെ പിതാവിനെ സമീപിച്ച യുവാവ് വിവാഹത്തിന് തനിക്ക് സമ്മതമാണെന്ന് കോടതിയില്‍ അറിയിച്ചിരുന്നു. യുവാവിനെ വിവാഹം കഴിക്കാന്‍ യുവതിക്ക് താല്‍പ്പര്യമാണെന്ന് ബോധ്യപ്പെട്ടതോടെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് ജഡ്ജി ഇവരുടെ വിവാഹം നടത്തുകയായിരുന്നു.