Asianet News MalayalamAsianet News Malayalam

ദുബൈ - കണ്ണൂർ വിമാനത്തിൽ രണ്ട് പേർക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തിയത്. ഇരുവരെയും അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.

covid 19 expats coming back from abroad details
Author
Kannur, First Published May 18, 2020, 7:51 AM IST

കണ്ണൂർ: ഞായറാഴ്ച രാത്രി പ്രവാസികളുമായി ദുബൈയിൽ നിന്നും കണ്ണൂരിലെത്തിയ വിമാനത്തിൽ രണ്ട് യാത്രക്കാർക്ക് കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തി. കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തിയത്. ഇരുവരേയും അഞ്ചരക്കണ്ടിയിലുള്ള പ്രത്യേക കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി എത്തിയ വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 127 പേർ കണ്ണൂർ സ്വദേശികളും, 58 പേർ കാസർകോട് ജില്ലക്കാരുമാണ്. കോഴിക്കോട്, കൂർഗ് സ്വദേശികളും ഇതിലുണ്ടായിരുന്നു. 

മെയ് 12-നാണ് പ്രവാസികളുമായി കണ്ണൂരിൽ ആദ്യവിമാനമിറങ്ങുന്നത്. അന്നും രണ്ട് പേർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഞായറാഴ്ച നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിൽ വച്ച് തന്നെ പ്രകടമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് പേരെയും പ്രത്യേക വഴിയിലൂടെ പുറത്തേക്ക് കൊണ്ടുപോയി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഈ വിമാനത്തിലും, ഇതിന് മുമ്പ് എത്തിയ വിമാനത്തിലും എത്തിയ എല്ലാവരുടെയും ക്വാറന്‍റൈൻ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ഞായറാഴ്ച രാത്രി ഗള്‍ഫില്‍ നിന്നും മൂന്ന്‍ വിമാനങ്ങള്‍ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശ്ശേരിയിലെത്തിയിട്ടുണ്ട്. ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും ബഹ്‌റൈനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനവുമാണ് പ്രവാസികളുമായി എത്തിയത്. ദുബൈയില്‍ നിന്നുള്ള വിമാനം രാത്രി 7.21 നും അബുദാബിയില്‍ നിന്നുള്ള വിമാനം രാത്രി 8.40 നും ബഹറിനില്‍ നിന്നുള്ള വിമാനം രാത്രി 6.45 നുമാണ് എത്തിയത്. ബഹറിനില്‍ വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയവെ പൊതുമാപ്പ് ലഭിച്ചവരാണ് മടങ്ങിയെത്തിയത്. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹറിന്‍ പൗരന്മാരായ 60 പേര്‍ നെടുമ്പാശ്ശേരിയിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

ദുബായ് - കൊച്ചി വിമാനത്തിൽ  എത്തിയ  58 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലും 108 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി അയച്ചു. അബുദാബി - കൊച്ചി വിമാനത്തിൽ എത്തിയ 114 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലും 65 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. എറണാകുളം സ്വദേശിയായ ഒരാളെ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സക്കായി അയച്ചു.

ബഹറിൻ - കൊച്ചി  വിമാനത്തിൽ (Gulf AIR GF 7712) എത്തിയ ഒരാളെ ചികിത്സക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെക്ക് അയച്ചു. പഞ്ചാബ് സ്വദേശിയാണ് ഇദ്ദേഹം. മറ്റുള്ളവരെ സ്ഥാപന നിരീക്ഷണത്തിലാക്കി. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതു മാപ്പ് നൽകി വിട്ടയച്ചവരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.

മലയാളികൾ മടങ്ങുന്നു, അതിഥിത്തൊഴിലാളികൾ നാട്ടിലേക്കും

ഇതിനിടെ, രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച പുറപ്പെടും. വിദ്യാർഥികൾക്കും രാജസ്ഥാനിൽ കുടുങ്ങിയ മലയാളികൾക്കുമായാണ് പ്രത്യേക നോൺ എ.സി ട്രെയിൻ സർവീസ്. ഉച്ചക്ക് 12 മണിക്ക് ജയ്‌പ്പൂരിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പ്‌ ഉണ്ടാകും. രാജസ്ഥാനിൽ ജയ്പുരിനു പുറമെ ചിറ്റോർഗഢിലും ട്രെയിൻ നിർത്തും. ടിക്കറ്റ് ചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും.

കോട്ടയത്ത് നിന്ന് ആദ്യ അന്തർ സംസ്ഥാന ട്രെയിൻ സർവീസ് ഇന്ന് പുറപ്പെടും. വൈകീട്ട് ഏഴ് മണിക്കാണ് പശ്ചിമ ബംഗാളിലേക്ക് ട്രെയിൻ. 1460  അതിഥി തൊഴിലാളികൾ മടങ്ങും. ഇതിൽ 1100 പേർ പായിപ്പാട് നിന്നുള്ളവരാണ്. ട്രെയിൻ ടിക്കറ്റ് തുക പശ്ചിമബംഗാൾ സർക്കാർ വഹിക്കും.

Follow Us:
Download App:
  • android
  • ios