ദുബൈ: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ  4പേര്‍കൂടി മരിച്ചു. അബുദാബി ഇന്ത്യന്‍സ്കൂള്‍ അധ്യാപിക പത്തനം തിട്ട കോഴഞ്ചേരി സ്വദേശി പ്രിൻസി റോയ് മാത്യു, സാമൂഹ്യപ്രവര്‍ത്തകന്‍ തൃശൂര്‍ തിരുവത്ര സ്വദേശി  പി.കെ. അബ്ദുൽ കരീം ഹാജി എന്നിവര്‍ അബുദാബിയിലും.  ആറന്മുള ഇടയാറൻമുള വടക്കനമൂട്ടിൽ രാജേഷ് കുട്ടപ്പൻ നായർ , തൃശൂർ വലപ്പാട് തോപ്പിയിൽ വീട്ടില്‍ അബ്ദുൽ ഗഫൂർ  എന്നിവര്‍ കുവൈത്തിലുമാണ് മരിച്ചത്. രാജേഷ് കുട്ടപ്പൻ നായർക്ക് താമസിക്കുന്ന കെട്ടിടത്തിൽ നേരത്തെ കൊവിഡ് ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടര്‍ന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 307പേര്‍ മരിച്ചു . 54,830പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ ഗൾഫിലെ ഇന്ത്യൻ എംബസികൾ വിവര ശേഖരണം തുടങ്ങി . മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അതാതു രാജ്യങ്ങളിലെ എംബസിയുടെയും കോൺസുലേറ്റിന്റെയും വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രവാസികളുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നതിന് മടങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് രജിസ്ട്രേഷൻ എന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും വിവരങ്ങള്‍ നല്‍കണം. കമ്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്ട്രേഷൻ പൂർത്തിയാക്കണം.യാത്രാവിമാനങ്ങൾ തുടങ്ങുന്ന കാര്യം പിന്നീട് അറിയിക്കും. കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പിന്തുടരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കും മടക്കയാത്രയെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു. നേരത്തേ നോർക്കയിൽ രജിസ്റ്റർ ചെയ്തവരും എംബസി സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടി വരും