ന്യൂയോർക്കിൽ നഴ്സുമാരായ ദീപയുടെയും സുനീഷിന്‍റെയും മകനായ അദ്വൈത് സുനീഷാണ് മരിച്ചത്. അദ്വൈതിന്‍റെ അച്ഛനും അമ്മയ്ക്കും രോഗം വന്നിരുന്നെങ്കിലും ഭേദമായിരുന്നു. ഇന്നലെ രാത്രിയും ഒരു മലയാളി അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ന്യൂയോർക്ക്: കൊവിഡ് ബാധിച്ച് എട്ട് വയസ്സുകാരൻ ന്യൂയോർക്കിൽ മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി അദ്വൈതാണ് മരിച്ചത്. ന്യൂയോർക്കിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന ദീപയുടെയും സുനീഷ് സുകുമാരന്‍റെയും മകനാണ് അദ്വൈത്. എട്ട് വയസ്സായിരുന്നു. 

ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു. അമേരിക്കയിൽ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലല്ലാത്ത എല്ലാവരോടും വീട്ടിൽ ഹോം ക്വാറന്‍റൈനിൽ തുടരാനാണ് നിർദേശിക്കാറ്. 

ഇവരിൽ നിന്നാകാം കുട്ടിയ്ക്കും രോഗം പകർന്നതെന്നാണ് സൂചന. കുട്ടിയുടെ രോഗം ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ട് വയസ്സുകാരനായ അദ്വൈത് രണ്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഒരു സഹോദരനുണ്ട്. അർജുൻ.

കൊവിഡ് ബാധിച്ച് ഇന്നലെ രാത്രിയും ഇന്നുമായി രണ്ട് വിദേശ മലയാളികൾ കൂടി മരിച്ചിരുന്നു. അമേരിക്കയിലും യുഎഇയിലുമാണ് മലയാളികൾ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ​ഗീവർ​ഗീസ് പണിക്കർ (64) ആണ് അമേരിക്കയിൽ മരിച്ചത്. ഫിലാഡൽഫിയയിൽ വെച്ചായിരുന്നു മരണം. 

ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ് യുഎഇയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. റാസൽഖൈയിൽ വെച്ചായിരുന്നു മരണം. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി.