Asianet News MalayalamAsianet News Malayalam

ഏറ്റവും കൂടുതൽ മലയാളികൾ മടങ്ങുന്നത് യുഎഇയിൽ നിന്ന്, കണക്ക് ഇങ്ങനെ

സംസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 1,96,039 പേർ യുഎഇയിൽ നിന്ന് മാത്രം വരുന്നു. ഇതിൽ ജോലി നഷ്ടപ്പെട്ടവർക്ക് എന്ത് പുനരധിവാസ പാക്കേജാണ് ഉള്ളത്?

covid 19 most non resident keralites are coming back from united arab emirates
Author
Thiruvananthapuram, First Published May 8, 2020, 8:03 AM IST

മലയാളിയുടെ പ്രവാസ ജീവിതത്തിലിത് പ്രതിസന്ധി കാലം. മടങ്ങിയെത്തിയ പ്രവാസികളുടെ മുന്നിൽ ഇനിയെന്ത്? അവര്‍ അനുഭവിച്ചതെന്ത്? നാട് അവര്‍ക്കായി കരുതിയിരിക്കുന്നത് എന്ത്? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു. റിപ്പോർട്ട് തയ്യാറാക്കിയത് തിരുവനന്തപുരത്ത് നിന്ന് എസ് അജിത് കുമാർ.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി ഏറ്റവും കൂടുതൽ മലയാളികൾ മടങ്ങി വരുന്നത് യുഎഇയിൽ നിന്ന്. ഇവരുടെ പുനരധിവാസമായിരിക്കും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇക്കാര്യത്തിൽ വേഗം മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. തൊഴിൽ ചെയ്യാൻ ശേഷിയുള്ള നിരവധിപ്പേർ മടങ്ങിയെത്തുമ്പോൾ, അത് കേരളത്തിലെ സാധ്യതകൾ കൂട്ടാൻ ഉപയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് അങ്ങനെ ഒരു പാക്കേജ് തയ്യാറാക്കാനാകുമോ?

സംസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ 1,96,039 പേർ യുഎഇയിൽ നിന്ന് മാത്രം വരുന്നു. ഇതിൽ 61009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. മടങ്ങി വരാൻ രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ യുഎഇയിൽ നിന്നാണ്. 196039. ഇവരിൽ 28,700 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. 

വിസാ കാലാവധി തീർന്നവരുടെ പട്ടിക വേറെ. സൗദിയിൽ നിന്ന് രജിസ്റ്റർ ചെയ്തവരിൽ 10,000 പേർ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരാൻ തയ്യാറെടുക്കുന്നു. ഖത്തറിൽ നിന്ന് 8000 പേരും. ജോലി നഷ്ടപ്പെട്ടവർ, ജയിൽ മോചിതരായവർ, വിസാകാലാവധി കഴിഞ്ഞ് ഇനി മടങ്ങിപ്പോകാൻ കഴിയാത്തവർ - ഇവർക്കായിരിക്കും പുനരധിവാസപദ്ധതി സർക്കാർ നടപ്പാക്കേണ്ടി വരുക.

''ചെറിയ വ്യവസായ പദ്ധതികൾ എങ്ങനെ രൂപീകരിക്കാമെന്നതിൽ കൃത്യമായ പദ്ധതി രൂപീകരണം വേണം. എത്ര പണം വായ്പ നൽകാനാകും, എത്രയാകും സബ്സിഡി, ഇതിൽ എങ്ങനെ തിരിച്ചടവ് വേണം, എത്ര പലിശയുണ്ടാകും എന്നൊക്കെ വ്യക്തമായ, കിറുകൃത്യമായ പദ്ധതി രൂപീകരിച്ച് പ്രവാസികളെ ഒപ്പം നിർത്തലാണ് വേണ്ടത്'', മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സന്ദർശനത്തിന് പോയ 70638 പേരും മുതിർന്ന പൗരൻമാരായ 11256 പേരും വിദ്യാർത്ഥികളായ 2902 പേരും മടങ്ങിവരുന്നുണ്ട്. രോഗത്തെ പ്രതിരോധിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ഇവരിൽ ഭൂരിപക്ഷവും വാഗ്ദാനങ്ങൾക്കപ്പുരം ക്രിയാത്മകമായ ഇടപെടലാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios