മസ്ക്കറ്റ്: ഒമാനിൽ സമ്പൂര്‍ണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ജൂലൈ 25 മുതൽ ആഗസ്ത് 8 വരെ ലോക്ക്ഡൌൺ തുടരുമെന്ന് ഒമാൻ സുപ്രിം കമ്മറ്റി. ബലി പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള എല്ലാ ചടങ്ങുകൾ നിർത്തിവെക്കുവാനും നിർദ്ദേശം.

കഴിഞ്ഞ ഒരു മാസക്കാലമായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് ഒമാനിൽ രേഖപ്പെടുത്തി വരുന്നത്. ഈ സാഹചര്യത്തിൽ , കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജൂലൈ 25 മുതൽ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകള്‍ അടച്ചിടുവാൻ ഒമാൻ സുപ്രിം കമ്മറ്റി തീരുമാനിച്ചു.

സമ്പൂർണമായി പതിനഞ്ചു ദിവസം അടച്ചിടുവാനാണ് കമ്മറ്റിയുടെ നിർദ്ദേശം. ലോക്ക് ഡൌൺ കാലയളവിൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണിവരെയുള്ള യാത്രകളും പൊതു സ്ഥലത്തെ ഒത്തുചേരലുകളും സുപ്രിം കമ്മറ്റി നിരോധിച്ചിട്ടുണ്ട്.

വാണിജ്യ സ്ഥാപനങ്ങളും കടകളും രാത്രി 7 മണി മുതൽ അടച്ചിടും പോലീസ് പെട്രോളിംഗ് ശക്തമാക്കും.
വലിയ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പെരുനാൾ നമസ്കാരങ്ങളും, എല്ലാ ആഘോഷങ്ങളും, നിർത്തിവെക്കുവാനും ഒമാൻ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 25 ഇന് ആരംഭിക്കുന്ന ലോക്ക് ഡൌൺ ആഗസ്ത് 8 വരെ തുടരും.

ഇതിനു മുൻപ് മസ്കറ്റ്  ഗവര്‍ണറേറ്റ് ലോക്ക് ഡൌൺ മൂലം രണ്ടു മാസം അടച്ചിട്ടിരുന്നു. ദോഫാർ  ഗവര്‍ണറേറ്റില്‍ ലോക്ക് ഡൌൺ ഇപ്പോഴും തുടർന്ന് വരികയുമാണ്.