Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്കായി വീണ്ടും ഉമ്മന്‍ ചാണ്ടി; ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കാന്‍ അനുമതി തേടണമെന്ന് ആവശ്യപ്പെട്ടു

ഇക്കാര്യത്തില്‍ സംസ്ഥാനം കേന്ദ്രത്തില്‍ സമ്മര്‍ദം ചൊലുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ ചാണ്ടി കത്തെഴുതി

Covid 19 Oommen Chandy asks Charter Flight for Pravasis
Author
Thiruvananthapuram, First Published Apr 27, 2020, 7:43 PM IST

തിരുവനന്തപുരം: കൊവിഡ് 19 ലോക്ക് ഡൗണ്‍ തീരുംമുന്‍പ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. ഇതിനായി സംസ്ഥാനം കേന്ദ്രത്തിന്‍റെ അനുമതി നേടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ ചാണ്ടി കത്തെഴുതി. 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയാറെടുത്തിട്ടുണ്ട്. നിലവില്‍ വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ എളുപ്പമാണ്. വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ കേരളത്തിലേയ്ക്ക് പ്രവാസികളെ എത്തിക്കുവാന്‍ സാധിക്കം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിനു മലയാളി വിദ്യാര്‍ഥികളെയും മറ്റുള്ളവരെയും നാട്ടിലേക്ക് കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 

'അക്കാഡമിക് പ്രോജക്ടിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളത്തിലെ അഞ്ച് നവോദയ സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികള്‍ ഒരുമാസത്തിലേറെ ഹോസ്റ്റലുകളില്‍ തുടരുകയാണ്. മൈസൂര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 41 കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ 126 പേരെ നാട്ടിലെത്തിക്കാന്‍ മുന്‍തൂക്കം നല്‍കണം'. 

'മദ്രാസ് മെഡിക്കല്‍ മിഷനിലെ 85 ബിഎസ്‍സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷന്‍ കോളേജില്‍ 170 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും 85 പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും, തൂത്തുക്കുടി സെന്റ് ആന്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ 28 വിദ്യാര്‍ത്ഥികള്‍, ചെന്നൈ താംബരം എം.എ. ചിദംബരം സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ 8 വിദ്യാര്‍ത്ഥികള്‍, സേലം വിനായക മിഷന്‍ ഹോമിയോ മെഡിക്കല്‍ കോളേജിലെ 28 ഹൗസ് സര്‍ജന്‍മാര്‍. മംഗലാപുരം എ.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 40 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. എംജിഎം ന്യൂ ബോംബെ കോളജ് ഓഫ് നഴ്‌സിംഗിലെ 57 വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവ‍ര്‍ സഹായം കാത്തിരിക്കുകയാണ്' എന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മാര്‍ച്ച് 31ന് സേവനം പൂര്‍ത്തിയാക്കിയ ജവാന്‍മാര്‍ ഊട്ടി, ജബല്‍പൂര്‍, സെക്കന്തരാബാദ്, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്ന് നാട്ടിലേയ്ക്ക് പുറപ്പെടാന്‍ പാസിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios