മസ്‌കറ്റ് : ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 99ആയതോടെ ശക്തമായ നടപടികളുമായി ഒമാന്‍ സുപ്രീം കമ്മറ്റി രംഗത്തെത്തി. രോഗ വിവിവരം അറിയിച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും കനത്ത പിഴയും ഉണ്ടാകും. ക്വറന്റൈന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ ഉണ്ടാകും.രാജ്യത്തെ വിമാനത്തവാളങ്ങളില്‍ നിന്നുമുള്ള ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണമായും അവസാനിപ്പിക്കും. ഇന്ന് 15 പേര്‍ക്ക് കൂടി ഒമാനില്‍ കൊറോണ വൈറസ് പിടിപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
വൈറസ് വ്യാപനം തുടരുന്ന സഹചര്യത്തില്‍ രാജ്യത്ത് മരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി അഹമ്മദ് മുഹമ്മദ് അല്‍ സൈതി വ്യക്തമാക്കി

ഈ മഹാമാരി എപ്പോള്‍ അവസാനിക്കുമെന്ന് പറയുവാന്‍ സാധിക്കുകയില്ലയെന്നും മന്ത്രി അഹമ്മദ് മുഹമ്മദ് ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.വിദേശത്ത് ഒറ്റപ്പെട്ട ഒമാന്‍ സ്വദേശികളെ എത്രയും പെട്ടന്ന് രാജ്യത്ത് തിരിച്ചെത്തിക്കുവാനുമുള്ള നടപടികള്‍ക്കും തുടക്കമായി. ഇതിനകം 17 പേര്‍ രോഗവിമുക്തരായെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.