ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. അതേസമയം ജൂണ്‍ 21 ഓടെ യുഎഇയില്‍ വൈറസിന്റെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാവുമെന്ന് സിംഗപ്പൂര്‍ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈനിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് പ്രതിദിനം 500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ശരാശരി നൂറിനടുത്ത് രോഗികള്‍ സുഖംപ്രാപിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 10 ലക്ഷം പേരെയാണ് യുഎഇയില്‍ ഇതിനകം പരിശോധനക്കു വിധേയരാക്കിയത്. കോവിഡ് ഏറ്റവുമധികം ബാധിച്ച നാഇഫ് മേഖലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്്തിട്ടില്ലെന്നതും സര്‍ക്കാരിന് ആശ്വാസമാകുന്നു.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ചൈനയുമായി 995 ദശലക്ഷം റിയാലിന്റെ കരാറില്‍ ഒപ്പുവച്ചു. സുപ്രധാനവും തന്ത്രപരവുമായ കരാര്‍ പ്രകാരം സൗദിയില്‍ 9 ദശലക്ഷം കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും. പരിശോധനകള്‍ നടത്തുന്നതിന് 500 പേരടങ്ങുന്ന സ്‌പെഷ്യലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന സംഘം, ഇതിനാവശ്യമായ ഉപകരണങ്ങളുടെയും മറ്റു സാമഗ്രികളുടെയും വിതരണം എന്നിവയും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് കരാറിലേര്‍പ്പെട്ടത്. എട്ടുമാസത്തിനുള്ളില്‍ കരാര്‍ വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്ന പ്രതിരോധ നടപടികളുടെ ഗുണനിലവാരം ഉറപ്പു വരുത്താനാണ് പദ്ധതി.